താത്‌ക്കാലിക പരിശീലകനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയ ഹോസെ മൗറിനോക്ക് പകരക്കാരനായി പുതിയ പരിശീലകനെ നിയമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണിന്റെ അവസാനം വരെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരൻ കൂടിയായ ഒലെ സോൾഷെയർ ആവും ടീമിനെ പരിശീലിപ്പിക്കുക.

ഞായറാഴ്ച നടക്കുന്ന കാർഡിഫ് സിറ്റിക്കെതിരായ മത്സരമാണ് സോൾഷെയറിന്റെ യൂണൈറ്റഡിലെ ആദ്യ മത്സരം. നേരത്തെ 1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണികിനെതിരെ സോൾഷെയർ ഗോൾ നേടിയിട്ടുണ്ട്. നേരത്തെ സോൾഷെയർ കാർഡിഫ് സിറ്റിയുടെ പരിശീലകനുമായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 366 മത്സരങ്ങളിൽ നിന്ന് 126 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ഒലെ സോൾഷെയർ. 1996-2007 കാലഘട്ടത്തിലാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയത്. ഒലെ സോൾഷെയറിനു പുറമെ മൈക്ക് ഫെലനെ ഫസ്റ്റ് ടീം കോച്ച് ആയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഹോസെ മൗറിനോയുടെ കൂടെ പരിശീലക സംഘത്തിൽ ഉണ്ടായിരുന്ന മൈക്കിൾ കാരിക്കും കീറാൻ മക്ക്കെന്നയും സോൾഷെയറിനൊപ്പം തുടരും.