മാഞ്ചസ്റ്റർ യുണൈറ്റഡും ആയുള്ള കരാർ അവസാനിക്കുന്ന പോൾ പോഗ്ബയെ മാഞ്ചസ്റ്റർ സിറ്റി ടീമിലെത്തിക്കാൻ സാധ്യത എന്നു റിപ്പോർട്ട്

ഈ സീസണിന്റെ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡും ആയുള്ള കരാർ അവസാനിക്കുന്ന പോൾ പോഗ്ബയ വൈരികൾ ആയ മാഞ്ചസ്റ്റർ സിറ്റി ടീമിലെത്തിക്കാൻ സാധ്യത എന്നു റിപ്പോർട്ടുകൾ. ഈ സീസണിനു ശേഷം ക്ലബ് വിടുന്ന ബ്രസീലിയൻ മധ്യനിര താരം ഫെർണാണ്ടീന്യോക്ക് പകരക്കാരെ തേടുകയാണ് മാഞ്ചസ്റ്റർ സിറ്റി നിലവിൽ. വെസ്റ്റ് ഹാമിന്റെ ഡക്ലൻ റൈസിന് ആയി വലിയ തുക മുടക്കാൻ സിറ്റി തയ്യാറാവില്ല എന്നത് ഇതിനകം വ്യക്തമാണ്. അതിനാൽ ആണ് കുറഞ്ഞ തുകക്ക് പോഗ്ബയെ ടീമിൽ എത്തിക്കാൻ സിറ്റി ശ്രമിക്കുന്നത്.

റെക്കോർഡ് തുകക്ക് യുണൈറ്റഡിൽ എത്തിയ മുൻ അക്കാദമി താരമായ പോഗ്ബ ഫ്രീ ആയി ആവും സിറ്റിയിൽ എത്തുക. പരിക്കും ഫോമില്ലായ്മയും വലക്കുന്നു എങ്കിലും പോഗ്ബയെ ടീമിൽ എത്തിക്കാൻ നിരവധി ടീമുകൾ രംഗത്ത് വന്നേക്കും എന്നാണ് സൂചന. താരത്തെ നിലവിൽ നിലനിർത്താൻ യുണൈറ്റഡിനോ ടീമിൽ നിൽക്കാൻ പോഗ്ബക്കോ താൽപ്പര്യം ഇല്ല. പോഗ്ബ സിറ്റിയിൽ എത്തിയാൽ 2009 ൽ കാർലോസ് ടെവസ് യുണൈറ്റഡിൽ നിന്നു സിറ്റിയിൽ എത്തിയതിന്റെ ആവർത്തനം ആവും അത്. അതേസമയം നിലവിൽ പോഗ്ബയുടെ ഏജന്റ് മിനോ റയോളയുടെ സമീപകാലത്തെ മരണം ഈ നീക്കം നടക്കാൻ ചെറിയ കാലതാമസം എടുക്കുന്നതിനു കാരണം ആയേക്കും.