കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ദൗര്‍ബല്യങ്ങളില്ലെന്ന് ക്ളോപ്പ്

പ്രീമിയർ ലീഗ് പോരാട്ടത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ദൗര്‍ബല്യങ്ങളില്ലെന്ന് ലിവർപൂൾ പരിശീലകൻ ക്ളോപ്പ്. പ്രീമിയർ ലീഗിൽ വോൾവ്‌സിനെ നേരിടാനിരിക്കെയാണ് ലിവർപൂൾ പരിശീലകന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ചെൽസിയോട് തോറ്റ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ലിവർപൂളിന് പിറകിൽ രണ്ടാം സ്ഥാനത്ത് പിന്തള്ളപ്പെട്ടിരുന്നു.

മാഞ്ചസ്റ്റർ സിറ്റി മികച്ച ടീമാണെന്നും ഭാഗ്യം കൊണ്ടാണ് അവർ പല മത്സരങ്ങളും ജയിക്കുന്നതെന്ന് കരുതുന്നില്ലെന്നും ക്ളോപ്പ് പറഞ്ഞു. എല്ലാ മത്സര ദിവസവും മാഞ്ചസ്റ്റർ സിറ്റി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും കഴിഞ്ഞ വർഷവും ഇതേ പ്രകടനം അവർ പുറത്തെടുത്തിരുന്നെന്നും ക്ളോപ്പ് പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ ലിവർപൂൾ ജയിച്ചാൽ നാളെ ക്രിസ്റ്റൽ പാലസിനെ നേരിടാനിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിയേക്കാൾ നാല് പോയിന്റിന്റെ ലീഡ് നേടാനും ലിവർപൂളിനവും. മാത്രവുമല്ല ഇന്ന് ലിവർപൂൾ ജയിച്ചാൽ അവർക്ക് ക്രിസ്തുമസിന് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്താനാവും.

പ്രീമിയർ ലീഗിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീമും ലിവർപൂളാണ്. കഴിഞ്ഞ ദിവസം ചെൽസിയോട് തോറ്റതോടെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പ് അവസാനിച്ചത്.