Site icon Fanport

ഫുൾഹാമിനെയും മറികടന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയകുതിപ്പ്

ഫുൾഹാമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി  സനെ, ഡേവിഡ് സിൽവ, സ്റ്റെർലിങ് എന്നിവരാണ് ഗോളുകൾ നേടിയത്.

മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ലീഡ് നേടി. കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഇടം നേടാതിരുന്ന സനെയാണ് ഗോൾ നേടിയത്. ഫുൾഹാം താരം സെറിയുടെ പിഴവിൽ നിന്ന് പന്തുമായി കുതിച്ച ഫെർണാഡിഞ്ഞോ സനെക്ക് പാസ് നൽകുകയും സനെ ഗോൾ നേടുകയുമായിരുന്നു.  അധികം താമസിയാതെ ഡേവിഡ് സിൽവയിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് ഇരട്ടിയാക്കി. ഇത്തവണ ബെർണാർഡോ സിൽവയുടെയും സ്റ്റെർലിങ്ങിന്റെയും മുന്നേറ്റത്തിനൊടുവിലാണ് സിറ്റി ഗോൾ നേടിയത്.

ആദ്യ പകുതിയുടെ തനിയാവർത്തനം പോലെ തന്നെ രണ്ടാം പകുതി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ വീണ്ടും ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ അഗ്വേറോയുടെ പാസിൽ നിന്ന് സ്റ്റെർലിങ് ആണ് സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടിയത്. ജയത്തോടെ ചെൽസിക്കും ലിവർപൂളിനും തൊട്ടു പിന്നിലെത്താനും മാഞ്ചസ്റ്റർ സിറ്റിക്കായി.

Exit mobile version