Site icon Fanport

കാർഡിഫിൽ വലയിൽ ഗോളടിച്ച്കൂട്ടി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ കാർഡിഫ് സിറ്റിക്ക് വീണ്ടും തോൽവി. സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇത്തവണ കാർഡിഫ് സിറ്റിയുടെ ഗോൾ വല നിറച്ചത്. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. കാർഡിഫ് സിറ്റിയുടെ തുടർച്ചയായ നാലാം തോൽവിയായിരുന്നു ഇത്.

ആദ്യ അര മണിക്കൂർ മാഞ്ചസ്റ്റർ സിറ്റി ആക്രമണത്തെ സമർത്ഥമായി പ്രതിരോധിച്ച കാർഡിഫ് സിറ്റി തുടർന്ന് മത്സരം കൈവിടുകയായിരുന്നു. 32ആം മിനുട്ടിൽ അഗ്വേറോയിലൂടെ ഗോളടി തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ ഇടവേളകളിൽ ഗോൾ നേടുകയായിരുന്നു. അഗ്വേറോയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സിയിൽ 300മത്തെ മത്സരം കൂടിയായിരുന്നു ഇത്.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് ബെർണാർഡോ സിൽവയും ഗുൻഡോഗനും ചേർന്ന് മാഞ്ചസ്റ്റർ സിറ്റിയെ 3-0ന് മുൻപിലെത്തിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മഹ്റസ് ഇരട്ടഗോളുകളും കൂടി നേടിയതോടെ കാർഡിഫിന്റെ തോൽവി പൂർത്തിയായി. മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ താരത്തിന്റെ ആദ്യ ഗോളുകളായിരുന്നു ഇത്. ജയത്തോടെ ലിവർപൂളിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്താനും മാഞ്ചസ്റ്റർ സിറ്റിക്കായി.

Exit mobile version