സോൾഷ്യാറിന്റെ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പുത്തൻ പ്രതീക്ഷകളുടെ ദിവസമാണ്. വർഷങ്ങളായി നെഗറ്റീവ് ഫുട്ബോൾ കണ്ട് മടുത്ത യുണൈറ്റഡ് ആരാധകർ ഇന്ന് മുതൽ ഒരു പുതിയ തുടക്കമാകുമെന്ന് കരുതുന്നു. ജോസെ മൗറീനോ പോയി പകരം എത്തിയ താൽക്കാലിക പരിശീലകൻ ഒകെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിലാണ് യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നത്. കാർഡിഫ് സിറ്റിയാണ് എതിരാളികൾ.

മുമ്പ് കാർഡിഫ് സിറ്റിയുടെ പരിശീലകൻ ആയിട്ടുണ്ട് എന്നതു കൊണ്ട് തന്നെ കാർഡിഫിലേക്കുള്ള യാത്ര സോൾഷ്യാറിന് പ്രത്യേകതയുള്ളതാണ്. ഇന്ന് വിജയത്തോടു കൂടി യുണൈറ്റഡിന്റെ പുതിയ കാലഘട്ടം ആരംഭിക്കാൻ ആകും അദ്ദേഹം ശ്രമിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് എക്കാലത്തും അറിയപ്പെട്ടിരുന്നു അറ്റാക്കിംഗ് ഫുട്ബോൾ കാണാം എന്നതാണ് പുതിയ പരിശീലകന്റെ പ്രധാന വാഗ്ദാനം. വർഷങ്ങളോളം യുണൈറ്റഡിനായി കളിച്ചിട്ടുള്ള സോൾഷ്യാറിന്റെ വരവ് ആരാധകരിൽ വലിയ പ്രതീക്ഷ തന്നെ ഉയർത്തിയിട്ടുണ്ട്.

അവസാന മത്സരത്തിൽ ലിവർപൂളിനെതിരെ ദയനീയ പരാജയം യുണൈറ്റഡ് ഏറ്റുവാങ്ങിയിരുന്നു. ഇന്ന് തീർത്തും പുതിയ ശൈലിയും പുതിയ സ്റ്റാർടിങ് ഇലവനും ആകും യുണൈറ്റഡിൽ നിന്ന് കാണാൻ ആവുക. ജോസെ സ്ഥിരമായി ബെഞ്ചിൽ ഇരുത്തിയിരുന്ന പോഗ്ബ ഇന്ന് ആദ്യ ഇലവനിൽ എത്തും എന്നാണ് കരുതുന്നത്. വേറെയും പല മാറ്റങ്ങളും ഇന്ന് കാണാൻ കഴിഞ്ഞേക്കും.

ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. കാർഡിഫ് സിറ്റി 16ആമതും. ഇന്ന് രാത്രി 11 മണിക്കാകും മത്സരം നടക്കുക.