പോഗ്ബതാണ്ഡവം തുടരുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ നാലിൽ!!!

- Advertisement -

ഒലെ ഗണ്ണാർ സോൾഷ്യറിന്റെ കീഴിലെ പോൾ പോഗ്ബയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഗംഭീര പ്രകടനം തുടരുന്നു‌‌. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന ഫുൾഹാമിനെതിരായ എവേ മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. പോൾ പോഗ്ബയുടെ ഇരട്ട ഗോളുകൾ ആണ് യുണൈറ്റഡിന്റെ ഇത്ര ഏകപക്ഷീയമായ വിജയം നൽകിയത്.

റാഷ്ഫോർഡ്, ലിംഗാർഡ്, ലിൻഡെലോഫ് തുടങ്ങിയവർക്ക് വിശ്രമം നൽകിയാണ് മാഞ്ചസ്റ്റർ ഇന്നിറങ്ങിയത്. എന്നിട്ടും കാര്യമായ പരിക്ക് ഒന്നും യുണൈറ്റഡിന് പറ്റിയില്ല. കളിയുടെ 14ആം മിനുട്ടിൽ തന്നെ യുണൈറ്റഡിന്റെ ആദ്യ ഗോൾ പിറന്നു. ബോക്സിന്റെ ഇടതു മൂലയിൽ പന്ത് സ്വീകരിച്ച പോഗ്ബ വളരെ വിഷമമായ ഒരു ആംഗിളിൽ നിന്നാണ് ആദ്യ ഗോൾ അടിച്ചു കയറ്റിയത്.

9 മിനുറ്റുകൾക്കകം യുണൈറ്റഡിന്റെ രണ്ടാം ഗോളും പിറന്നു. ഇത്തവണ മാർഷ്യലിന്റെ ഒരു അത്ഭുത റൺ ആണ് ഗോളിൽ കലാശിച്ചത്. സെന്റർ ലൈനിൽ നിന്ന് പന്ത് സ്വീകരിച്ച മാർഷ്യൽ ഫുൾഹാം ഡിഫൻസിനെ മൊത്തം മറികടന്ന് പന്ത് വലയിൽ എത്തിക്കുകയായിരുന്നു. കളിയുടെ രണ്ടാം പകുതിയിൽ പെനാൾട്ടിയിലൂടെ ആയിരുന്നു യുണൈറ്റഡിന്റെ മൂന്നാം ഗോൾ. ലുകാകുവും മാറ്റയും കൂടെ നടത്തിയ ഒരു കൗണ്ടറിന്റെ അവസാനം മാറ്റയെ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിധി വന്നത്. പെനാൾട്ടി എടുത്ത പോഗ്ബ ഒട്ടും പിഴക്കാതെ പന്ത് വലയിൽ എത്തിച്ചു.

പോഗ്ബയുടെ ലീഗിലെ 11ആം ഗോളായിരുന്നു ഇത്. പോഗ്ബയുടെ കരിയറിൽ ആദ്യമാണ് ഒരു സീസണിൽ ലീഗിൽ മാത്രമായി 10ൽ കൂടുതൽ ഗോളുകൾ നേടുന്നത്. ഇന്നത്തെ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ആവശ്യമായ നാലാം സ്ഥാനത്ത് എത്തി. 51 പോയന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ ഉള്ളത്.

Advertisement