മാഞ്ചസ്റ്ററിന്റെ കഷ്ടകാലം അങ്ങനെയൊന്നും അവസാനിക്കില്ല, വീണ്ടും ജയമില്ലാതെ മടക്കം

- Advertisement -

മാഞ്ചസ്റ്ററിന്റെ കഷ്ടകാലം അങ്ങനെയൊന്നും അവസാനിക്കില്ല. ഇന്ന് സതാമ്പടണെതിരെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം കാണാതെയാണ് മടങ്ങിയത്. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച യുണൈറ്റഡിന് സമനില കിട്ടിയെങ്കിലും അത് ആശ്വസിക്കാൻ ഉള്ള ഫലം അല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് മത്സരത്തിലാണ് ജയമില്ലാതെ മടങ്ങുന്നത്.

ഇന്ന് വളരെ വിചിത്രമായ ലൈനപ്പുമായായിരുന്നു മൗറീനോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇറക്കിയത്‌. അതിനുള്ള വില അധികം താമസിയാതെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകേണ്ടതായും വന്നു. 13ആം മിനുട്ടിൽ ആയിരുന്നു സതാമ്പ്ടൺ യുണൈറ്റഡിനെ ഞെട്ടിച്ച് ലീഡ് എടുത്തത്. ആംസ്ട്രോങ്ങിന്റെ സ്ട്രൈക്കിന് ഡി ഹിയക്ക് തടയാൻ കഴിയുന്നതിലും കരുത്ത് ഉണ്ടായിരുന്നു. ആ ഗോളിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ സതാമ്പ്ടന്റെ രണ്ടാം ഗോളും പിറന്നു.

ഇത്തവണ സെഡറികിന്റെ ഒരു മനോഹര ഫ്രീകിക്കാണ് ഡിഹിയയെ പരാജയപ്പെടുത്തിയത്. ഈ സീസണിൽ ഒരുപാട് തവണ പിറകിൽ നിന്ന ശേഷം തിരിച്ചടിക്കേണ്ടി വന്ന യുണൈറ്റഡിന് ഇന്നും അതേ ഗതിയുണ്ടായിരുന്നുള്ളൂ. ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് തിരിച്ചടിച്ച് സമനിക പിടിച്ചു. യുവതാരം റാഷ്ഫോർഡിന്റെ മികവാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്.

33 ആം മിനുട്ടിൽ ഒരു റാഷ്ഫോർഡ് പാസിൽ നിന്ന് ലുകാകു ആദ്യ ഒരു ഗോൾ മടക്കി. ലുകാകു നീണറ്റ ഇടവേളക്ക് ശേഷം യുണൈറ്റഡിനായി നേടുന്ന ഗോൾ കൂടിയായി ഇത്. ആറു മിനുട്ടുകൾക്ക് ശേഷം റാഷ്ഫോർഡ് തന്നെ രണ്ടാം ഗോളും യുണൈറ്റഡിനായി ഒരുക്കി. റാഷ്ഫോർഡിന്റെ ഒരു ഗംഭീര റണ്ണിനു ശേഷം നൽകിയ ക്രോസ് ഒരു ഫ്ലിക്കിലൂടെ ഹെരേര വലയിൽ എത്തിക്കുകയായിരുന്നു.

ആ തിരിച്ചടി വിജയ പ്രതീക്ഷ നൽകിയെങ്കിലും സമനിലക്ക് അപ്പുറം ഒന്നും നേടാൻ യുണൈറ്റഡിനായില്ല. രണ്ടാം പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനോ സതാമ്പ്ടൺ കീപ്പറെ പരീക്ഷിക്കാനോ യുണൈറ്റഡ് അറ്റാക്കിനായില്ല. ലീഗിൽ 14 മത്സരങ്ങൾ കഴിഞ്ഞപ്പോഴും ആദ്യ ആറിൽ പോലും എത്താൻ കഴിയാതെ നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Advertisement