‘കോണ്ടെ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ’ – ഇന്ററിലേക്ക് ട്രാൻസ്ഫർ സൂചന നൽകി ലുക്കാകു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുക്കാകു. യുണൈറ്റഡ് വിട്ട് താരം ഇന്ററിലേക് മാറിയേക്കും എന്ന സൂചനകൾ ശക്തമാകുന്നതിന് ഇടയിലാണ് ഇറ്റാലിയൻ പരിശീലകനെ പുകഴ്ത്തി ലുക്കാകു രംഗത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്.

‘കോണ്ടെ ഇന്ററിൽ പോയത് വളരെ നല്ല കാര്യമാണ്, എന്നെ സംബന്ധിച്ച് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനാണ്’ എന്നാണ് ലുക്കാക്കു പറഞ്ഞത്‌. 2017 ൽ ചെൽസി പരിശീലകനായിരിക്കെ കോണ്ടെ ലുകാകുവിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും താരം യുണൈറ്റഡിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.

യുണൈറ്റഡിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് താരത്തിന്റെ പ്രകടനവും മങ്ങി. ഒലെ സോൾശ്യാർ പരിശീലകനായതോടെ താരത്തിന് ടീമിൽ ഇടം നഷ്ടമായി. മർക്കസ് രാഷ്ഫോഡിനെ സ്‌ട്രൈക്കർ റോളിൽ കളിപ്പിക്കാനാണ് യുണൈറ്റഡ് പരിശീലകന് താൽപര്യം. ഇതോടെ ലുക്കാക്കു യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇന്റർ ആക്രമണത്തെ പുതുക്കി പണിയാൻ ഒരുങ്ങുന്ന കോണ്ടെയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ലുക്കാക്കു എന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.