വരവറിയിച്ച് ലുകാകു, തീയേറ്റർ ഓഫ് ഡ്രീംസിൽ മാഞ്ചസ്റ്ററിന് സ്വപ്ന തുടക്കം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിന് തകർപ്പൻ തുടക്കം. ഇന്ന് ആദ്യ പോരാട്ടത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിന് ഓൾഡ് ട്രാഫോഡിൽ ഒരു ദയയുമില്ലാതെ തോൽപ്പിച്ചാണ് ഹോസെ മൗറീന്യോയും സംഘവും തുടങ്ങിയത്. മാഞ്ചസ്റ്റർ ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിച്ച സ്ട്രൈക്കർ ലുകാകു ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.

ആൻഡർ ഹെരേരയെ ബെഞ്ചിൽ ഇരുത്തി മാറ്റിച്-പോഗ്ബാ കൂട്ടുകെട്ടിനെ മധ്യനിരയിൽ ഇറക്കി തുടങ്ങിയ മൗറീന്യോയുടെ തന്ത്രങ്ങൾ ഫലിക്കുക ആയിരുന്നു. 33ാം മിനുട്ടിൽ മൈതാനത്തിന്റെ മധ്യത്തിൽ വെച്ച് ബോൾ വിൻ ചെയ്ത് മാറ്റിച്ച് നൽകിയ പന്തുമായി കുതിച്ച റാഷ്ഫോർഡ് മികച്ച പാസിലൂടെ ലുകാകുവിനെ കണ്ടെത്തി. ക്ലിനിക്കൽ ഫിനുഷിലൂടെ ജോ ഹാർട്ടിനെ കീഴ്പ്പെടുത്തി ലുകാകു പന്ത് വലയിൽ എത്തിക്കുക ആയിരുന്നു, 1-0. കളിയിൽ കാര്യമായി ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല എങ്കിലും വെസ്റ്റ് ഹാം ആദ്യ പകുതിയുടെ അവസാനത്തിൽ സമനില കണ്ടെത്താനുള്ള മികച്ച അവസരം തന്നെ ഉണ്ടാക്കി. മികച്ച സേവിലൂടെ ഡി ഹിയ യുണൈറ്റഡിന്റെ ലീഡ് നിലനിർത്തി. വെസ്റ്റ് ഹാം ടാർഗറ്റിലേക്ക് തൊടുത്ത കളിയിലെ ഒരേയൊരു ഷോട്ട് ഇതായിരുന്നു.

രണ്ടാം പകുതിയിൽ കൂടുതൽ മികവിലേക്ക് ഉയർന്ന മാഞ്ചസ്റ്ററിന്റെ രണ്ടാം ഗോളും ലുകാകുവാണ് നേടിയത്. മിക്കിതാര്യന്റെ ഫ്രീകിക്ക് ഹെഡ് ചെയ്ത് തന്നെ ചോദ്യം ചെയ്തവർക്ക് പ്രകടനത്തിലൂടെ മറുപടി പറയുകയായിരുന്നു ലുകാകു, 2-0.അവസാന പത്തു മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ മാർഷ്യലിന്റെ അവസരമായിരുന്നു അടുത്തത്. 87ാം മിനുട്ടിൽ മാർഷ്യൽ നേടിയ ഗോളും മിക്കിതാര്യന്റെ പാസിൽ നിന്നായിരു‌ന്നു. 90ാം മിനുട്ടിൽ പോൾ പോഗ്ബ യുണൈറ്റഡിന്റെ നാലാം ഗോളിലൂടെ വെസ്റ്റ് ഹാമിന്റെ പതനം പൂർത്തിയാക്കി.

നാലു ഗോളുകൾക്ക് വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതോടെ ഈ വാരം പ്രീമിയർ ലീഗ് പോയന്റ് ടാബിളിൽ ഒന്നാമതെത്തി. മൂന്നു ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച ഹഡിൽസ്ഫീൽഡാണ് പ്രീമിയർ ലീഗിൽ രണ്ടാമതായുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial