ഒടുവിൽ വോൾവ്സ് പരിശീലകനായി മുൻ റയൽ മാഡ്രിഡ് പരിശീലകൻ ലോപറ്റ്യുഗി സ്ഥാനം ഏറ്റെടുത്തു

ഒടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവ്സ് പരിശീലകൻ ആയി മുൻ സ്‌പെയിൻ, റയൽ മാഡ്രിഡ്, സെവിയ്യ പരിശീലകൻ ജൂലൻ ലോപറ്റ്യുഗി സ്ഥാനം ഏറ്റെടുത്തു. ബ്രൂണോ ലാജിനെ പുറത്താക്കിയ ശേഷം ആദ്യം വോൾവ്സ് സമീപിച്ചു എങ്കിലും സ്ഥാനം അപ്പോൾ അദ്ദേഹം നിരസിച്ചു. തുടർന്ന് മറ്റു പരിശീലകർക്ക് ഒപ്പം സ്പാനിഷ് പരിശീലകനു പിറകിൽ വോൾവ്സ് ഉണ്ടായിരുന്നു. ഒടുവിൽ വോൾവ്സിന്റെ കരാറിന് ചെവി കൊടുത്ത സ്പാനിഷ് പരിശീലകൻ സ്ഥാനം ഏറ്റെടുക്കുക ആയിരുന്നു.

നേരത്തെ സ്പാനിഷ് ലാ ലീഗയിൽ എട്ട് മത്സരങ്ങളിൽ നിന്നു 5 ലും തോറ്റ സെവിയ്യ ഡോർട്ട്മുണ്ടിന് എതിരായ ചാമ്പ്യൻസ് ലീഗിലെ 4-1 ന്റെ പരാജയ ശേഷം ലോപറ്റ്യുഗിയെ പുറത്താക്കുക ആയിരുന്നു. തുടക്കം മുതൽ തങ്ങളുടെ ലക്ഷ്യം ലോപറ്റ്യുഗി ആണെന്ന് വ്യക്തമാക്കിയ വോൾവ്സ് പരിശീലകനെ സ്വന്തമാക്കാൻ ആയതിൽ ഔദ്യോഗിക പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ഇന്ന് ബ്രൈറ്റണിനു എതിരായ മത്സരത്തിൽ പക്ഷെ ലോപറ്റ്യുഗി വോൾവ്സിന് ഒപ്പം ചേരില്ല, ആഴ്‌സണലിന് എതിരായ അടുത്ത മത്സരത്തിൽ ആവും സ്പാനിഷ് പരിശീലകൻ ടീമിന് ഒപ്പം ചേരുക.

Exit mobile version