ആൻഫീൽഡിൽ തകർന്ന് തരിപ്പണമായി വെങ്ങറുടെ ഗണ്ണേഴ്‌സ്

ലിവർപൂളിന്റെ ആക്രമണ ഫുട്ബാളിന് മുന്നിൽ ആഴ്സണൽ പ്രതിരോധം വെറും കാഴ്ചക്കാരായപ്പോൾ ആൻഫീൽഡിൽ ലിവർപൂളിന് ആധികാരിക ജയം. എതിരില്ലാത്ത 4 ഗോളുകൾക്കാണ് ക്ളോപ്പിന്റെ ടീം വെങ്ങറുടെ ഗണ്ണേഴ്‌സിന്റെ കഥ കഴിച്ചത്. കഴിഞ്ഞ ആഴ്ച സ്റ്റോക്കിനോടും തോറ്റ ആഴ്സണലിന്റെ അവസ്ഥ ഇതോടെ പരുങ്ങലിലായി.

സൂപ്പർ താരം അലക്‌സിസ് സാഞ്ചസ് മടങ്ങി വന്നത് ആഴ്സണൽ ആക്രമണത്തെ സഹായിക്കുമെന്നാണ് കരുതിയെങ്കിലും ഫലം പക്ഷെ തിരിച്ചായിരുന്നു. ആഴ്സണൽ ആക്രമണം നയിച്ച സാഞ്ചസും ഓസിലും വെൽബെക്കും ഒരേ പോലെ നിറം മങ്ങിയത് ലിവർപൂൾ പ്രതിരോധത്തിന് സഹായകരവുമായി. അത്രയൊന്നും മികച്ചതല്ലാത്ത ലിവർപൂൾ പ്രതിരോധത്തെ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളിക്കാൻ അവർക്കായില്ല. ലിവർപൂൾ ആക്രമണ നിരയാവട്ടെ ഫിർമിനോയും, മാനേയും , സലാഹും ഓരോ ഗോൾ നേടി കരുത്ത് തെളിയിക്കുകയും ചെയ്തു. പകരക്കാരനായി ഇറങ്ങി സ്റ്ററിഡ്ജും ഗോൾ പട്ടികയിൽ ഇടം നേടി.

മത്സരം തുടങ്ങിയത് മുതൽ ലിവർപൂളിന്റെ ഹൈ പ്രെസ്സിങ്ങിന് മുന്നിൽ പതറിയ ആഴ്സണലിനെ 17 ആം മിനുട്ടിൽ തന്നെ ലിവർപൂൾ പിന്നിലാക്കി. ജോ ഗോമസിന്റെ പാസ്സ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു ഫിർമിനോയാണ് ഗോൾ നേടിയത്. പിന്നീട് 40 ആം മിനുട്ടിൽ ഫിർമിനോയുടെ പാസ്സ് വലയിലാക്കി സാഡിയോ മാനെ ലീഡ് രണ്ടാക്കി.

രണ്ടാം പകുതിയിൽ ആഴ്സണൽ പ്രതിരോധം തീർത്തും ദുർബലമാവുന്നതാണ് കണ്ടത്. 57 ആം മിനുട്ടിൽ ബെല്ലറിന് പിഴച്ചപ്പോൾ അവസരം മുതലെടുത്ത് മുഹമ്മദ് സലാഹും ആഴ്സണൽ വല കുലുക്കി. പിന്നീട് 74 ആം മിനുട്ടിൽ മാനേക്ക് പകരക്കാരനായി ഇറങ്ങിയ ഡാനിയേൽ സ്റ്ററിഡ്ജ് 76 ആം മിനുട്ടിൽ വീണ്ടും ആഴ്സണൽ വല കുലുക്കിയതോടെ ഗണ്ണേഴ്‌സിന്റെ പതനം തീർത്തും പരിതാപകരമായി. ഓരോ തവണ പന്ത് ലഭിക്കുമ്പോഴും ആഴ്സണൽ ഗോൾ മുഖം ലക്ഷ്യമാക്കി നീങ്ങിയ ലിവർപൂൾ ആക്രമണ നിര ആഴ്സണലിന് ഒരിക്കലും ഓർക്കാൻ ആഗ്രഹമില്ലാത്ത ദിവസമാണ് സമ്മാനിച്ചത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെട്ട ആഴ്സണലിന് ഈ സീസണിലെ 3 മത്സരങ്ങളിൽ രണ്ടു തോൽവികളായതോടെ ആഴ്സണൽ പരിശീലകൻ ആർസെൻ വെങ്ങറുടെ നിലയും പരുങ്ങലിലാവും. മത്സരത്തിൽ ഒരിക്കൽ പോലും ലിവർപൂൾ ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനാവാതെയാണ് ഗണ്ണേഴ്‌സ് ആൻഫീൽഡിൽ നിന്ന് മടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരമ്പര വിജയത്തിലേക്ക് നയിച്ച് രോഹിത്, കൂട്ടായി ധോണിയും
Next articleബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍