ലിവർപൂൾ വിജയം തുടരുന്നു, മാഞ്ചസ്റ്റർ സിറ്റിയോട് അടുക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ അവരുടെ വിജയ പരമ്പര തുടരുന്നു. ഇന്ന് ക്രിസ്റ്റൽ പാലസിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്‌. സലായും മാനെയും ഇല്ലാത്തതിന്റെ ഒരു വിഷമവും ഇല്ലാതെ കളിക്കുന്ന ലിവർപൂൾ ഇന്ന് ആദ്യ 32 മിനുട്ടിൽ തന്നെ 2 ഗോളിന്റെ ലീഡ് എടുത്തു. 8ആം മിനുട്ടിൽ റൊബേർട്സന്റെ അസിസ്റ്റിൽ നിന്ന് വാൻ ഡൈക് ആണ് ലിവർപൂളിന് ആദ്യം ലീഡ് നൽകിയത്.

32ആം മിനുട്ടിൽ ചാമ്പെർലൈൻ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ എഡ്വോർഡിലൂടെ പാലസ് ഒരു ഗോൾ നേടികൊണ്ട് കളിയിലേക്ക് തിരികെ വന്നു. 89ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ഫാബിനോ മൂന്നാം ഗോൾ നേടിയതോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു. 22 മത്സരങ്ങളിൽ 48 പോയിന്റുമായി ലിവർപൂൾ ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. 57 പോയിന്റുമായി ഒന്നാമത് നിൽക്കുന്ന സിറ്റിയെക്കാൾ ഒരു മത്സരം കുറവാണ് ലിവർപൂൾ കളിച്ചത്.