ആൻഫീൽഡിൽ സമനിലയിൽ പിരിഞ്ഞ് ചെൽസിയും ലിവർപൂളും

ആൻഫീൽഡിൽ ഇത്തവണയും ലിവർപൂൾ- ചെൽസി പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടിയ മത്സരത്തിൽ ലിവർപൂളിനായി സലാഹും ചെൽസിക്കായി വില്ലിയനുമാണ് ഗോളുകൾ നേടിയത്.

ചാംപ്യൻസ് ലീഗിലെ മോശം പ്രകടനം നടത്തിയ ടീമിലെ ഫിർമിനോ, മാനെ എന്നിവരെ പുറത്തിരുത്തിയാണ്‌ ക്ളോപ്പ് ടീമിനെ ഇറക്കിയത്. ഇതോടെ സലാഹിനൊപ്പം സ്റ്ററിഡ്ജും ഓക്സലൈഡ് ചെമ്പർലിനും ആക്രമണ നിരയിൽ ഇടം നേടി. ചെൽസി നിരയിൽ ഫാബ്രിഗാസിന് പകരം ഡാനി ഡ്രിങ്ക് വാട്ടർ ആദ്യ ഇലവനിൽ ഇടം നേടി. ആദ്യ പകുതിയിൽ ലിവർപൂൾ കൂടുതൽ സമയവും പന്ത് കൈവശം വച്ചെങ്കിലും ചെൽസിയാണ് ആക്രമണത്തിൽ മുന്നിട്ട് നിന്നത്. ഹസാർഡ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചതോടെ ലിവർപൂൾ പ്രധിരോധം പലപ്പോഴും ആശങ്കയിലായി. അതേ സമയം മുഹമ്മദ് സലാഹ് മികച്ചൊരു ഷോട്ടിലൂടെ ചെൽസി പ്രതിരോധത്തെ മറികടന്നെങ്കിലും അത് ലക്ഷ്യത്തിൽ എത്തിയില്ല.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും തുല്യത പാലിച്ചെങ്കിലും ലിവർപൂൾ പിന്നീട് നിരന്തരം ചെൽസി ഗോൾ മുഖം ആക്രമിച്ചു. ചെൽസിയും ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു. 65 ആം മിനുട്ടിലാണ് ലിവർപൂളിന്റെ ഗോൾ പിറന്നത്. ചേംബർലിന്റെ പാസ്സ് ക്ലിയർ ചെയ്യുന്നതിൽ ബകയോകോക്ക് പിഴച്ചപ്പോൾ സലാഹ് പിഴവൊന്നും കൂടാതെ പന്ത് ചെൽസി വലയിലാക്കി. ഗോൾ വഴങ്ങിയതോടെ കോണ്ടേ ഡ്രിങ്ക് വാട്ടർ, ബകയോക്കോ, സപകോസ്റ്റ എന്നിവരെ പിൻവലിച്ചു ഫാബ്രിഗാസ്, പെഡ്രോ, വില്ലിയൻ എന്നിവരെ  ഇറക്കി.  വില്ലിയൻ ഇറങ്ങി രണ്ടു മിനുട്ടുകൾക്ക് ശേഷം ചെൽസി സമനില ഗോൾ കണ്ടെത്തി. ഹസാർഡിന്റെ പാസ്സ് സ്വീകരിച്ച വില്ലിയൻ പന്ത് തിരികെ ബോക്സിലേക്ക് നൽകാൻ ഉദ്ദേശിച്ച ക്രോസ്സ് പക്ഷെ പതിച്ചത് ലിവർപൂൾ വലയിലാണ്. പിന്നീടുള്ള ചരുങ്ങിയ സമയം ഇരു ടീമുകളും ജയിക്കാനായി ശ്രമിച്ചെങ്കിലും വിജയ ഗോൾ മാത്രം പിറന്നില്ല.

25 പോയിന്റുള്ള ചെൽസി മൂന്നാം സ്ഥാനത് തുടരുന്നു. 23 പോയിന്റുള്ള ലിവർപൂൾ അഞ്ചാം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial