ആഴ്‌സണലിനെ തകർത്ത് ലിവർപൂൾ, അടിച്ചു കൂട്ടിയത് അഞ്ചു ഗോളുകൾ!

പ്രീമിയർ ലീഗിൽ പരാജയം അറിയാതെയുള്ള ലിവർപൂളിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് ആൻഫീല്ഡില് നടന്ന കരുത്തരുടെ പോരാട്ടത്തിൽ ആഴ്സണലിനെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അഞ്ചു ഗോളുകൾക്ക് മുക്കി ലിവർപൂൾ വിജയ കുതിപ്പ് തുടർന്നത്. റോബർട്ടോ ഫിർമിനോ നേടിയ ഹാട്രിക് ഗോളുകളാണ് ലിവർപൂളിന്റെ വിജയത്തിൽ നിർണായകമായത്.

11ആം മിനിറ്റിൽ ലിവർപൂൾ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു ഐൻസ്ലിയിലൂടെ ആഴ്സണൽ മുന്നിൽ എത്തി. എന്നാൽ 14ആം മിനിറ്റിലും 16ആം മിനിറ്റിലും മനോഹരമായ ഗോളുകളിലൂടെ ഫിർമിനോ ലിവർപൂളിനെ മടക്കി കൊണ്ടുവന്നു. 32ആം മിനിറ്റിൽ ആഴ്സണൽ പ്രതിരോധത്തിലെ പിഴവിൽ നിന്നും സലായുടെ പാസിൽ മാനെ ലിവർപൂളിന്റെ മൂന്നാം ഗോളും നേടി. 45ആം മിനിറ്റിൽ സലായെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി സലാ തന്നെ ലീഡ് 4-1 എന്നാക്കി.

മറ്റൊരു പെനാൽറ്റിയിലൂടെ തന്നെയാണ് ലിവർപൂൾ അഞ്ചാം ഗോളും നേടിയത്. ലോവറിനെ പെനാൽറ്റി ബോക്‌സിൽ വീഴ്ത്തിപ്പോൾ ലഭിച്ച സ്പോട് കിക്ക് ഫിർമിനോ ഗോളാക്കി മാറ്റി തന്റെ ഹാട്രിക്കും ലിവർപൂളിന്റെ ഗോൾ പട്ടികയും തികച്ചു. ലിവർപൂൾ കുപ്പായത്തിലേ തന്റെ ആദ്യ ഹാട്രിക് ആണ് ഫിർമിനോ നേടിയത്. വിജയത്തോടെ ലിവർപൂളിന് 9 പോയിന്റ് ലീഡ് ആയി.

Exit mobile version