ആൻ’ഗോൾ’ഫീൽഡ്!! സതാമ്പ്ടണ് എതിരെയും ലിവർപൂൾ താണ്ഡവം

ആൻഫീൽഡിൽ ആർക്കും രക്ഷയില്ല. ഇന്ന് സതാമ്പ്ടണും ആൻഫീൽഡിൽ വന്ന് കനത്ത പ്രഹരമേറ്റു മടങ്ങേണ്ടി വന്നിരിക്കുകയാണ്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ക്ലോപ്പിന്റെ ടീമിന്റെ ഇന്നത്തെ വിജയം. ജോടയുടെ ഇരട്ട ഗോളുകൾ ആണ് ലിവർപൂൾ വിജയത്തിന് ഇന്ന് കരുത്തായത്. ഇന്ന് രണ്ടാം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. ഇടതു വിങ്ങിലൂടെ ആക്രമിച്ച് എത്തിയ റൊബേർട്സൺ നൽകിയ ക്രോസിൽ നിന്നായിരുന്നു ജോടയുടെ ഗോൾ.

32ആം മിനുട്ടിൽ വീണ്ടും ജോട വലകുലുക്കി. ഇത്തവണ വലതു വിങ്ങിൽ നിന്ന് സലാ ആയിരുന്നു പാസ് നൽകിയത്. ജോടയ്ക്ക് ടാപിൻ ചെയ്യേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളൂ. 37ആം മിനുട്ടിൽ തിയാഗോ അൽകാൻട്ര ലിവർപൂളിന്റെ മൂന്നാം ഗോൾ നേടി. തിയാഗോ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലിവർപൂളിനായി ഗോൾ നേടുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വാൻ ഡൈക് കൂടെ ഗോൾ നേടിയതോടെ മത്സരം പൂർണ്ണമായും സതാമ്പ്ടണിൽ നിന്ന് അകന്നു.

ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ലിവർപൂൾ രണ്ടാമത് നിൽക്കുകയാണ്. സതാമ്പ്ടൺ 14 പോയിന്റുമായി 14ആം സ്ഥാനത്താണ്.