ആദ്യം വിറച്ചെങ്കിലും ലിവർപൂളിന് വിജയം

20201025 022516
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ ലിവർപൂൾ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട ലിവർപൂൾ തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. മത്സരത്തിന്റെ 13ആം മിനുട്ടിൽ ഫബിനോയുടെ ഒരു ടാക്കിൽ ആണ് ഷെഫീൽഡിന് പെനാൾട്ടി നൽകിയത്.

പെനാൾട്ടി എടുത്ത സാൻഡെർ ബെർഗെ ലക്ഷ്യം കണ്ടു. എന്നാൽ നല്ല രീതിയിൽ കളിയിലേക്ക് തിരികെ വന്ന ലിവർപൂൾ 41ആം മിനുട്ടിൽ ഫർമീനോയിലൂടെ സമനില കണ്ടെത്തി. മാനെയുടെ ഒരു ഹെഡർ ഗോളി സേവ് ചെയ്തപ്പോൾ റീബൗണ്ടിൽ ടാപിന്നിലൂടെ ഫർമീനോ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ സാല ലിവർപൂളിന് ലീഡ് നൽകി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. പിന്നാലെ 64ആം മിനുട്ടിൽ ജോട്ടയിലൂടെ ലിവർപൂൾ രണ്ടാം ഗോൾ നേടി‌. താരത്തിന്റെ ലിവർപൂളിൽ എത്തിയ ശേഷമുള്ള രണ്ടാം ഗോളുമാണിത്. ഈ വിജയത്തോടെ ലിവർപൂൾ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ഒരു വിജയം പോലുമില്ലാത്ത ഷെഫീൽഡ് 19ആം സ്ഥാനത്താണ് ഉള്ളത്.

Advertisement