സ്റ്റാംഫോഡ് ബ്രിഡ്ജിൽ ആവേശ പോരാട്ടത്തിന് ഒടുവിൽ ലുവർപൂളിന് ജയം

- Advertisement -

സ്റ്റാംഫോഡ് ബ്രിഡ്ജിലെ ആവേശ പോരാട്ടത്തിന് ഒടുവിൽ ലിവർപൂളിന് ജയം. ആദ്യ പകുതിയിൽ വരുത്തിയ പിഴവുകൾക് രണ്ടാം പകുതിയിൽ ചെൽസി പകരം ചെയ്‌തെങ്കിലും മിന്നും ഫോമിലുള്ള ലിവർപൂളിനെ വീഴ്ത്താൻ അത് മതിയായില്ല. ജയത്തോടെ 18 പോയിന്റുള്ള ലിവർപൂൾ സിറ്റിക്ക് 5 പോയിന്റ് മുകളിലായി ഒന്നാം സ്ഥാനത്ത് തുടരും. 8 പോയിന്റുള്ള ചെൽസി പതിനൊന്നാം സ്ഥാനത്താണ്.

സൂമയെ പുറത്തിരുത്തി ടിമോറിക്ക് അവസരം നൽകിയാണ് ലംപാർഡ് ടീമിനെ ഇറക്കിയത്. 14 ആം മിനുട്ടിൽ ലിവർപൂൾ മത്സരത്തിലെ ആദ്യ ഗോൾ നേടി. ഫ്രീകിക്കിൽ സലാഹ് ഒരുക്കിയ അവസരം മികച്ച ഷോട്ടിലൂടെ അലക്‌സാണ്ടർ അർണോൾഡ് ചെൽസി വല കുലുക്കി. പിന്നീട് എമേഴ്സൻ പരിക്കേറ്റ് പുറത്തായതും ചെൽസിക്ക് തിരിച്ചടിയായി. 28 ആം മിനുട്ടിൽ ആസ്പിലിക്വറ്റ ലിവർപൂൾ വല കുലുക്കിയെങ്കിലും VAR ഗോൾ അനുവദിച്ചില്ല. മൌണ്ട് ഓഫ് സൈഡ് ആയതാണ് കാരണം.
30 ആം മിനുട്ടിൽ ഫിർമിനോയുടെ ഹെഡറിലൂടെ ലിവർപൂൾ ലീഡ് രണ്ടാക്കി. ഇതിനിടെ അബ്രാമിന്റെ ഷോട്ട് അഡ്രിയാൻ തടുത്തിടുകയും ചെയ്തു. ആദ്യ പകുതിക്ക് മുൻപേ ക്രിസ്റ്റിയൻസൻ പരിക്കേറ്റ് പുറത്തായി. സൂമയാണ് പകരം ഇറങ്ങിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിവർപൂളിന് ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ചെൽസി ഗോളി കെപയുടെ സേവുകൾ നീല പടക്ക് രക്ഷയായി. പിന്നീട് താളം കണ്ടെടുത്ത ചെൽസി തുടർച്ചയായി ലിവർപൂൾ ഗോൾ മുഖം ആക്രമിച്ചു. 71 ആം മിനുട്ടിൽ ചെൽസിയുടെ ഗോൾ പിറന്നു. ആസ്പിലിക്വെറ്റയുടെ പാസ്സ് സ്വീകരിച്ച കാന്റെ ലിവർപൂൾ പ്രതിരോധത്തെ മറികടന്ന് മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലാക്കി. പിന്നീട് സമനില ഗോളിനായി നിരന്തരം ശ്രമം തുടർന്ന ചെൽസിക്ക് മൗണ്ടിലൂടെ മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് സമനില ഗോൾ കണ്ടെത്താനായില്ല.

Advertisement