സലായില്ലാതെ ലിവർപൂൾ ഇന്ന് വില്ലക്ക് എതിരെ

Photo:Twitter/@LFC
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അപരാജിത കുതിപ്പ് തുടരാൻ ലിവർപൂൾ ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരെ. വില്ലയുടെ മൈതാനമായ വില്ല പാർക്കിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

സ്വന്തം മൈതാനത്ത് മികച്ച ഫോം ഉള്ള വില്ലക്ക് എതിരെ ക്ളോപ്പിന് കാര്യങ്ങൾ അത്ര എളുപ്പമാക്കാൻ ഇടയില്ല. ഈ സീസണിൽ ഇതുവരെ ബോൺമൗത് മാത്രമാണ് വില്ലയുടെ ഹോം ഗ്രൗണ്ടിൽ ജയിച്ചത്. സിറ്റിക്ക് മേലുള്ള 6 പോയിന്റ് ലീഡ് നിലനിർത്താൻ ലിവർപൂളിന് ഇന്ന് കാര്യങ്ങൾ കടുപ്പമായേക്കും. പ്രതിരോധത്തിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാത്ത അവർക്ക് കളിയുടെ അവസാന മിനുറ്റുകളിൽ ലഭിച്ച പെനാൽറ്റികൾ ആണ് കഴിഞ്ഞ മത്സരങ്ങളിൽ രക്ഷയായത്.

പരിക്കേറ്റ സലാ ഇല്ലാതെയാകും ലിവർപൂൾ ഇന്നിറങ്ങുക. വില്ല നിരയിൽ ക്യാപ്റ്റൻ ഗ്രിലീഷിന് നേരിയ പരിക്ക് ഉണ്ടെങ്കിലും കളിക്കാൻ സാധിക്കും എന്ന് തന്നെയാകും പരിശീലകൻ ഡീൻ സ്മിത്തിന്റെ പ്രതീക്ഷ. ലീഗ് കപ്പ് മത്സരത്തിനിടെ പരിക്കേറ്റ കയ്റ്റയും ഇന്ന് ലിവർപൂളിനായി കളിക്കില്ല.

Advertisement