മികച്ച ഫോം തുടരാൻ ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെതിരെ

- Advertisement -

തിരിച്ചടികൾക്ക് ശേഷം മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ ലിവർപൂളിന് ഇന്ന് വെസ്റ്റ് ഹാമിനെതിരെ  പ്രീമിയർ ലീഗ് പോരാട്ടം. വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടായ ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. 16 പോയിന്റുമായി ലീഗിൽ 6 ആം സ്ഥാനത്തുള്ള ലിവർപൂളിന് ഫോമില്ലാതെ വിഷമിക്കുന്ന വെസ്റ്റ് ഹാമിനെതിരെ മികച്ച ജയത്തോടെ ടോപ്പ് 4 ടീമുകളുമായി ഉള്ള അകലം കുറക്കാനുള്ള മികച്ച അവസരമാണ് ഇത്. ക്രിസ്റ്റൽ പാലസിനെതിരെ അവസാന നിമിഷം സമനില വഴങ്ങിയ വെസ്റ്റ് ഹാം 16 ആം സ്ഥാനത്താണ്.

പ്രതിരോധമാണ് ഇരു ടീമുകളുടെയും പ്രധാന പോരായ്മ. 17 ഗോളുകൾ ഇതു വരെ അടിച്ച ലിവർപൂൾ 16 എണ്ണം വഴങ്ങിയപ്പോൾ 10 ഗോളടിച്ച വെസ്റ്റ് ഹാം 19 ഗോളുകളാണ് വഴങ്ങിയത്. എങ്കിലും ഹാഡഴ്‌സ്‌ ഫീൽഡിനെതിരെയും മാരിബോറിനെതിരെയും തുടർച്ചയായ രണ്ടു ക്ളീൻ ഷീറ്റുകൾ നേടാനായത് ലിവർപൂളിന് ആത്മവിശ്വാസമേകും. സെപ്റ്റംബറിന് ശേഷം ഒരു ലീഗ് മത്സരം പോലും ജയിക്കാനാവാത്ത വെസ്റ്റ് ഹാം ജയം ലക്ഷ്യമിട്ട് തന്നെയാവും ഇറങ്ങുക.

ലിവർപൂൾ ഇത്തവണയും കുട്ടീഞ്ഞോ ഇല്ലാതെയാവും മത്സരത്തിനിറങ്ങുക. പക്ഷെ കഴിഞ്ഞ മത്സരത്തിന് തൊട്ട് മുൻപേ പരിക്കേറ്റ ലോവരെൻ ഇത്തവണ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയേകും. പ്രതിരോധ നിരയിലെ പരിക്കാണ്‌ വെസ്റ്റ് ഹാം പരിശീലകൻ സാവൻ ബിലിച്ചിന് തലവേദനയാവുക. കോളിൻസും, ഫോന്റെയും, സബലേറ്റയും പരിക്ക് കാരണം കളിക്കില്ല. ഇന്ന് തോറ്റാൽ അതു സാവൻ ബിലിച്ചിന്റെ പരിശീലക സ്ഥാനത്തിന് ഭീഷണി ആവും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement