സൗതാംപ്ടനെ മറികടന്ന് ലിവർപൂൾ, ആദ്യ നാലിൽ പോരാട്ടം മുറുകുന്നു

പ്രീമിയർ ലീഗിൽ സൗത്താംപ്ടനെതിരെ ലിവർപൂളിന് മികച്ച ജയം. എതിരില്ലാത്ത 2 ഗോളിനാണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. ജയത്തോടെ 54 പോയിന്റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. രണ്ടാം സ്ഥാനക്കാരായ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 2 ആയി കുറക്കാനും ക്ളോപ്പിന്റെ സംഘത്തിനായി. സലാഹും ഫിർമിനോയുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.

കളി തുടങ്ങിയ ഉടനെ തന്നെ ലിവർപൂൾ ആദ്യ ലീഡ് നേടി സൗതാംപ്ടനെ ഞെട്ടിച്ചു. ആറാം മിനുട്ടിൽ സൗത്താംപ്ടൻ പ്രതിരോധത്തിൽ വന്ന വീഴ്ച മുതലാക്കി സലാഹ് നൽകിയ പാസ്സ് ഗോളാക്കി ഫിർമിനോയാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. പിന്നീട് സൗത്താംപ്ടൻ മികച്ച ആക്രമണ ഫുട്‌ബോളിലൂടെ ലിവർപൂളിനെ പ്രതിരോധത്തിലാക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ അവർക്കായില്ല. രണ്ടാം പകുതിക്ക് പിരിയാൻ 3 മിനുറ്റ് ശേഷിക്കെ ഫിർമിനോയുടെ പാസ്സിൽ സലാഹും ഗോൾ നേടിയതോടെ ലിവർപൂൾ ആദ്യ പകുതിയിൽ തന്നെ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.

രണ്ടാം പകുതിയിൽ ഡേവിസ്, ഷെയിൻ ലോങ്, ബൗഫൽ എന്നിവർ സൗതാംപ്ടനായി ഇറങ്ങിയെങ്കിലും മുൻ സൗത്താംപ്ടൻ താരം കൂടിയായ വാൻ ഡയ്ക്ക് നയിക്കുന്ന പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല. ഇന്നത്തെ ഗോൾ നേട്ടത്തോടെ തന്റെ ലിവർപൂൾ കരിയറിൽ ആദ്യമായി ഒരു സീസണിൽ 20 ഗോളുകൾ എന്ന നേട്ടവും ഫിർമിനോ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version