രോഗകിടക്കയിൽ ലിറ്റിൽ ബ്രാഡ്‌ലിയെ കാണാൻ അവരെത്തി

ഫുട്ബോളിൻ്റെ മാനുഷിക മുഖം തന്നെയാണ് അതിനെ പലപ്പോയും സമാനതകളില്ലാത്ത ഉയരത്തിലെത്തിക്കുന്നത്. ലയണൽ മെസ്സിയും അഫ്ഗാൻ ബാലൻ അഹ്മദിയുമായുള്ള വാർത്തയും വീഡിയോയും ഓൺലൈനിൽ ലക്ഷങ്ങളാണ് കണ്ടത്. അതിനേക്കാൾ തീവ്രതയുള്ള കഥയാണ് സണ്ടർലാൻ്റ് ഫുട്ബോൾ ക്ലബിനും അവരുടെ 5 വയസ്സുകാരൻ ആരാധകൻ ബ്രാഡ്‌ലി ലൗവറിക്കും പറയാനുള്ളത്. മാരകമായ രോഗം ബാധിച്ച് മാസങ്ങൾ മാത്രം ജീവിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ലിറ്റിൽ ബ്രാഡ്ലിയുടെ അവസാന ദിനങ്ങൾ അവിസ്മരണീയമാക്കുകയാണ് ഫുട്ബോൾ ലോകം. കാൻസർ ബാധിച്ച ബ്രാഡ്ലിയെ ടീം മസ്കോട്ടാക്കി ചെൽസിക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയ സണ്ടർലാന്റ് അന്ന് ഫുട്ബോൾ ലോകത്തെ തന്നെ കണ്ണീരണയിച്ചു. ‘Little Bradley’s big game experience’ എന്ന പേരിൽ സണ്ടർലാൻ്റ് അന്ന് പുറത്ത് വിട്ട വീഡിയോ ഓൺലൈനിൽ ലക്ഷങ്ങളാണ് കണ്ടത്. ബ്രാഡ്‌ലിയെ കയ്യിലേന്തി അവൻ്റെ ഏറ്റവും വലിയ ഹീറോ ജെർമയ്ൻ ഡിഫോ നിന്നത് ഫുട്ബോൾ കാണികൾക്ക് മറക്കാനാവാത്ത ചിത്രമായി.

ബ്രാഡ്‌ലിക്കായി കാണികൾ ആർപ്പ് വിളിച്ചപ്പോൾ ചെൽസി കീപ്പർ ആസമർ ബെഗോവിച്ചിനെ മറികടന്ന് ബ്രാഡ്‌ലി നേടിയ ഗോളിനെ ഡിസംബറിലെ ഗോളായും പ്രീമിയർ ലീഗ് തിരഞ്ഞെടുത്തു. വീഡിയോ വൈറലായ ശേഷം ആയിരങ്ങളാണ് ബ്രാഡ്‌ലിയുടെ ചികിത്സക്കായി സഹായവുമായെത്തിയത്. സണ്ടർലാൻ്റിന് പുറകെ എവർട്ടണും ബ്രാഡ്‌ലിയുടെ ചികിത്സക്കായി മുന്നിട്ടിറങ്ങി. എവർട്ടൺ മത്സരത്തിലും ബ്രാഡ്‌ലി മസ്കോട്ടായി പ്രത്യക്ഷപ്പെട്ടു.

മാസങ്ങൾ മാത്രം ജീവിക്കും എന്ന് ഡോക്ടർ മാർ വിധിയെഴുതിയ ബ്രാഡ്‌ലിയെ കാണാൻ ഇന്നലെയാണ് അവൻ്റെ ഉറ്റ സുഹൃത്ത് ജെർമയ്ൻ ഡിഫോയും സംഘവും എത്തിയത്. പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീക്ഷണി നേരിടുന്ന സണ്ടർലാണ്ട് താരങ്ങൾ സൗത്താപ്റ്റണുമായുള്ള നിർണ്ണായക മത്സത്തിനു തൊട്ട് മുമ്പ് ബ്രാഡ്ലിയെ കാണാൻ സമയം കണ്ടത്തുകയായിരുന്നു. ഡിഫോക്ക് പുറമെ വിക്റ്റർ മനോണെ, ജോൺ ഓഷേ, ലാർസൺ എന്നിവരും ബ്രാഡ്ലിയെ കാണാനെത്തി.

അതീവ സന്തോഷത്തോടെയാണ് ബ്രാഡ്ലി തൻ്റെ കൂട്ടുകാരെ സ്വീകരിച്ചത്. ബ്രാഡ്ലിക്കായി കഴിവിൻ്റെ പരമാവധി പരിശ്രമിക്കുന്ന ഡോക്ടർമാർക്ക് പക്ഷെ അവൻ രക്ഷപ്പെടുമെന്ന് അത്ര ഉറപ്പില്ല. അതിനാൽ തന്നെ ബ്രാഡ്ലിക്ക് സന്തോഷം പകരാൻ സണ്ടർലാൻ്റും ഡിഫോ അടക്കമുള്ള താരങ്ങളും നടത്തുന്ന ശ്രമങ്ങൾ പ്രശംസാർഹം തന്നെയാണ്.