ലിംഗാർഡിന്റെ പ്രായശ്ചിത്തം, പിന്നാലെ ഡി ഹിയയുടെ ഹീറോയിസം, മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ വിജയം

Lingard United utd
Credit: Twitter

ഇന്നത്തെ വെസ്റ്റ് ഹാം മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം നാടകീയതയാൽ നിറഞ്ഞതായിരുന്നു. അവസാന മിനുട്ടിലെ വിജയ ഗോളും അതിനു ശേഷം ഡി ഹിയയുടെ വക 95ആം മിനുട്ടിലെ പെനാൾട്ടി സേവും ഒക്കെ വേണ്ടി വന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് പോയിന്റ് നൽകാൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയിച്ചത്.

മികച്ച ഫോമിൽ ഉള്ള വെസ്റ്റ് ഹാാമിനെതിരെ തുടക്കം മുതൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മധ്യനിരയിൽ ഡോമിനേറ്റ് ചെയ്ത വെസ്റ്റ് ഹാം മഗ്വയറിന്റെ ഒരു പിഴവിൽ നിന്ന് നല്ല ഒരു അവസരം സൃഷ്ടിച്ചു. എന്നാൽ വരാനെയുടെ ബ്ലോക്ക് യുണൈറ്റഡിനെ രക്ഷിച്ചു. ആദ്യ പകുതിയിൽ ഡിഹിയയുടെ ഒരു നല്ല സേവും ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ നല്ല അവസരം ഒരു കോർണറിൽ നിന്നായിരുന്നു. ബ്രൂണോയുടെ ഷോട്ട് ഫബിയൻസ്കിയുടെ കയ്യിൽ പോസ്റ്റിലും തട്ടി പുറത്ത് പോയി.

30ആം മിനുട്ടിൽ വെസ്റ്റ് ഹാം ആണ് ഇന്ന് ആദ്യ ഗോൾ നേടിയത്. ബെൻറാമയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് വരാനെക്ക് തട്ടി വലിയ ഡിഫ്ലക്ഷനോടെ വലയിൽ കയറി. ഇതിനു പെട്ടെന്ന് തന്നെ യുണൈറ്റഡ് പ്രതികരണം ഉണ്ടായി. ബ്രൂണോ ഫെർണാണ്ടസിന്റെ ഇടതു വിങ്ങിൽ നിന്നുള്ള ക്രോസിൽ നിന്നുള്ള റൊണാൾഡോയുടെ ആദ്യ ഗോൾ ശ്രമം ഫബിയൻസ്കി തടഞ്ഞു എങ്കിലും റീബൗണ്ടിൽ റൊണാൾഡോ പന്ത് വലയിൽ എത്തിച്ചു. റൊണാൾഡോയുടെ തിരിച്ചുവരവിലെ മൂന്ന് മത്സരങ്ങൾക്ക് ഇടയിലെ നാലാം ഗോളായിരുന്നു ഇത്.

ആദ്യ പകുതിയിൽ വീണ്ടും യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫബിയൻസ്കി തടസ്സമായി നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൂണോയുടെ പാസിൽ നിന്ന് റൊണാൾഡോക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു. റൊണാൾഡോയുടെ ഷോട്ടിനു വീണ്ടും ഫബിയൻസ്കി തടസ്സമായി നിന്നു. രണ്ടു ടീമുകളും വിജയത്തിനായി ശ്രമിച്ചു എങ്കിലും നല്ല ഫൈനൽ ബോളുകൾ വന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയെയും ലിങാർഡിനെയും സബ്ബായി ഇറക്കി അറ്റാക്കിംഗ് ശക്തിപ്പെടുത്താൻ നോക്കി. എങ്കിലും മധ്യനിരയിൽ പന്ത് നഷ്ടപ്പെടുത്തുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർന്നു. റൊണാൾഡോയെ വീഴ്ത്തിയതിന് ഒരു പെനാൾട്ടി അപ്പീൽ ഉണ്ടായെങ്കിലും റഫറി ഫൗൾ വിധിച്ചില്ല.

കളി സമനിലയിലേക്ക് പോവുകയാണെന്ന് തോന്നിച്ചപ്പോൾ ഹീറോ ആയി ലിങാർഡ് അവതരിച്ചു. വെസ്റ്റ് ഹാം ഡിഫൻസിനെ ആകെ കബളിപ്പിച്ച് ഒരു ലോകോത്തര ഫിനിഷിലൂടെയാണ് ലിംഗാർഡ് വിജയ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയത്തിന് വഴി ഒരുക്കിയ ലിംഗാർഡിന് ഇത് ഒരു പ്രായശ്ചിത്തമായും മാറി. വെസ്റ്റ് ഹാമിന്റെ മുൻ താരമായിരുന്ന ലിംഗാർഡ് അവരോടുള്ള ബഹുമാനം കൊണ്ട് ഗോൾ ആഹ്ലാദിച്ചില്ല.

കളി വിജയിച്ചെന്ന് ഇരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ അവസാന നിമിഷത്തിൽ പിഴച്ചു. ലൂക് ഷോയുടെ ഒരു അനാവശ്യമായ ഹാൻഡ് ബോൾ പെനാൾട്ടിയിലേക്ക് എത്തിച്ചു. പെനാൾട്ടി എടുക്കാൻ വെസ്റ്റ് ഹാം അവരുടെ വിശ്വസ്ത താരം മാർക് നോബിളിനെ കളത്തിൽ എത്തിച്ചു. വിജയം കൈവിട്ട് എന്ന് കരുതിയ യുണൈറ്റഡിനെ ഡി ഹിയ രക്ഷിച്ചു. ഒരു ഗംഭീര സേവ് യുണൈറ്റഡിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു.

ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് 13 പോയിന്റുമായി ലീഗിൽ രണ്ടാമത് എത്തി. വെസ്റ്റ് ഹാമിന്റെ സീസണിലെ ആദ്യ തോൽവി ആണിത്.

Previous articleരോഹിത് ശർമ്മ ഇല്ല, ധോണിയും സംഘവും ആദ്യം ബാറ്റ് ചെയ്യും
Next article“ഇംഗ്ലണ്ട് – പാകിസ്ഥാൻ പരമ്പര യു.എ.ഇയിലേക്ക് മാറ്റണം”