ലിൻഡലഫ് മാഞ്ചസ്റ്ററിൽ, യുണൈറ്റഡ് പ്രതിരോധം ഇനി അതിശക്തം

- Advertisement -

ഐസ് മാൻ എന്നറിയപ്പെടുന്ന സ്വീഡൻ താരം വിക്ടർ ലിൻഡലഫ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തെ ശക്തിപ്പെടുത്താൻ എത്തിയിരിക്കുകയാണ്. ഇന്ന് മാഞ്ചസ്റ്ററിൽ എത്തി മെഡിക്കലും കഴിഞ്ഞ താരം യുണൈറ്റഡുമായി നാലു വർഷത്തെ കരാർ ഒപ്പിട്ടു കഴിഞ്ഞു. ഇനിയങ്ങോട്ട് എറിക് ബയിയോടൊപ്പം ആദ്യ നിരയിൽ ലിൻഡലഫാകും ഉണ്ടാവുക.

ബെനഫികയിൽ നിന്നാണ് ലിൻഡലഫ് എത്തുന്നത്. മികച്ച അച്ചടക്കവും കാലിലെ പന്തടക്കവുമാണ് ലിൻഡലഫിനെ മറ്റു ഡിഫൻഡർമാരിൽ നിന്നു ശ്രദ്ധേയനാക്കുന്നത്. റിയോ ഫെർഡിനാൻഡിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കാണുന്ന മികച്ച ബാൾ പ്ലെയിംഗ് ഡിഫൻഡറാകും ഈ സ്വീഡൻ ഡിഫൻഡർ. ഫെർഡിനാൻഡിനെ പോലെ തന്നെ ഡിഫൻഡറായിട്ടും ഫൗളുകൾ കുറവ് ചെയ്യുന്ന കളിക്കാരനാണ് ലിൻഡലഫ്. ബെൻഫികയ്ക്കു വേണ്ടി ഇറങ്ങിയ 73 മത്സരങ്ങളിൽ വെറും 6 മഞ്ഞ കാർഡുകൾ മാത്രമേ ഈ താരം വാങ്ങിയിട്ടുള്ളൂ. ഇതുവരെ ചുവപ്പു കാർഡ് കണ്ടിട്ടുമില്ല.

വിഡിച്-ഫെർഡിനാൻഡ് യുഗത്തിനു ശേഷം ഓൾട്രാഫോർഡ് കാണുന്ന ഏറ്റവും മികച്ച പ്രതിരോധ കൂട്ടുകെട്ട് ആകും ലിൻഡലഫും ബായിയും തമ്മിൽ ഉള്ളത്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിൽ നിന്നെത്തിയ എറിക് ബയ് സാക്ഷാൽ വിഡിചിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു മാഞ്ചസ്റ്റർ ജേഴ്സിയിൽ കാഴ്ചവെച്ചത്. എറിക് ബായിയുടെ കഴിവ് ആക്രമണ സ്വഭാവമുള്ള ടാക്കിളുകൾ ആണെങ്കിൽ പ്രതിരോധത്തിൽ നിന്ന് പന്ത് കൈപറ്റി മിഡ്ഫീൽഡിലേക്ക് എത്തിക്കുന്നതാണ് ലിൻഡലഫിന്റെ പ്രത്യേകത.

ലിൻഡലഫ് എത്തുന്നതോടെ മാഞ്ചസ്റ്ററിൽ നിന്ന് ഇംഗ്ലീഷ് താരം ക്രിസ് സ്മാളിംഗിന് വിടപറയേണ്ടി വരും. കഴിഞ്ഞ സീസണിൽ തീർത്തും മോശം ഫോമിലേക്ക് കൂപ്പു കുത്തിയ സ്മാളിംഗ് എവർട്ടനിലേക്കോ വെസ്റ്റ് ഹാമിലേക്കോ പോകുമെന്നാണ് കരുതപ്പെടുന്നത്. അർജന്റീനൻ താരം റോഹോ, ഫിൽ ജോൺസ്, ഡെയ്ലി ബ്ലിൻഡ് തുടങ്ങി സെന്റർ ബാക്കിൽ മികച്ച ബാക്കപ്പ് സ്മാളിംഗ് പോയാലും മാഞ്ചസ്റ്ററിനുണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement