
പ്രീമിയർ ലീഗിൽ ഇന്ന് ബേൺലി സ്റ്റോക്ക് സിറ്റിയെയും ലെസ്റ്റർ സണ്ടർലാൻഡിനെയും വാറ്റ്ഫോർഡ് വെസ്റ്റ് ബ്രോമിനെയും നേരിടും.
ലെസ്റ്റർ സിറ്റി – സണ്ടർലാൻഡ്
പുതിയ കോച്ചിന് കീഴിൽ ഫോമിലേക്കുയർന്ന ലെസ്റ്റർ ഇന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന സണ്ടർലാൻഡിനെ നേരിടും. അവസാന സ്ഥാനക്കാരായ സണ്ടർലാൻഡിന് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്.
ഫോമിലേക്കുയർന്ന വാർഡിയെയും മഹ്റാസിനെയും തളക്കാൻ എന്ത് തന്ത്രമാണ് ഡേവിഡ് മോയസ് കൊണ്ട് വരുക എന്നത് കാത്തിരുന്നു കാണാം. സ്വന്തം ഗ്രൗണ്ടിലാണ് മത്സരം എന്നത് ലെസ്റ്ററിന്റെ കൂടുതൽ ആത്മവിശ്വാസം നൽകും.
സണ്ടർലാൻഡിന്റെ ടോപ് സ്കോറെർ ഡെഫോ പരിക്കുമൂലം കളിക്കുമോ എന്നുറപ്പില്ല. പരിക്കുമൂലം വിക്ടർ അനിച്ചേബേയും സ്റ്റീവൻ പീനാറും പാഡി മാക്നായരും വാടമോറും സണ്ടർലാൻഡിനു വേണ്ടി കളിക്കില്ല. ലെസ്റ്ററിനു വേണ്ടി ക്യാപ്റ്റൻ വെസ് മോർഗൻ പരിക്കുകാരണം ഇന്ന് കളിക്കില്ല. നാംപ്ലൈസ് മെൻഡിയുടെ സേവനവും ലെസ്റ്ററിനു ഇന്ന് നഷ്ട്ടമാകും.
29 കളികളിൽ നിന്ന് 33 പോയിന്റുമായി ലെസ്റ്റർ സിറ്റി 13ആം സ്ഥാനത്താണ്. 29 മത്സരങ്ങൾ കളിച്ച സണ്ടർലാൻഡ് 20 പോയിന്റുമായി അവസാന സ്ഥാനത്താണ്.
ബേൺലി – സ്റ്റോക്ക് സിറ്റി
ടോട്ടൻഹാമിനോട് ഏറ്റ പരാജയത്തിൽ നിന്ന് കരകയറാനാവും സ്റ്റോക്കിനെ നേരിടുമ്പോൾ ബേൺലിയുടെ ശ്രമം. ബേൺലിയുടെ ഹോം ഗ്രൗണ്ടായ ടർഫ് മൂറിലാണ് മത്സരം. ആകെയുള്ള 32 പോയിന്റിൽ 28ഉം സ്വന്തം ഗ്രൗണ്ടിൽ നിന്നാണെന്നത് സ്റ്റോക്കിനെ നേരിടുന്ന ബേൺലിക്കു ആത്മവിശ്വാസം നൽകും. അതെ സമയം കഴിഞ്ഞ മത്സരത്തിൽ ലെസ്റ്ററിനോട് ഏറ്റ പരാജയത്തിൽ നിന്ന് പാഠം ഉൾകൊണ്ടാവും സ്റ്റോക്ക് ഇന്നിറങ്ങുന്നത്.
ബേൺലി കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമിനെ തന്നെ നിലനിർത്താനാണ് സാധ്യത. സ്റ്റോക്കിനു വേണ്ടി ഷക്കീരി പരിക്ക് മൂലം ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ അഞ്ചു മത്സരങ്ങൾ സ്റ്റോക്കിനെതിരെ കളിച്ചപ്പോൾ ഒന്ന് മാത്രമാണ് ബേൺലിക്കു ജയിക്കാനായത് എന്നത് സ്റ്റോക്കിന് പ്രതീക്ഷ നൽകും.
30 കളികളിൽ നിന്ന് 32 പോയിന്റുമായി ബേൺലി 15ആം സ്ഥാനത്താണ്. 30 മത്സരങ്ങൾ കളിച്ച സ്റ്റോക്ക് 36 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
വാറ്റ്ഫോർഡ് – വെസ്റ്റ് ബ്രോം
ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ കുരുക്കിയതിന്റെ ആവേശവുമായി വെസ്റ്റ് ബ്രോം ഇന്ന് വാറ്റ്ഫോർഡിനെ നേരിടും. വാറ്റ്ഫോർഡിന്റെ മൈതാനത്താണ് മത്സരം. ക്രിസ്റ്റൽ പാലസിനെതിരെയും എവെർട്ടണ് എതിരെയും പരാജയപ്പെട്ട ടോണി പുലിസിന്റെ ടീം ആഴ്സനലിനെ തോൽപ്പിച്ചും യുണൈറ്റഡിനെ സമനിലയിൽ തളച്ചും മികച്ച ഫോമിലേക്കുയർന്നിട്ടുണ്ട്.
പരിക്കുമൂലം അവസാന മത്സരങ്ങളിൽ കളിക്കാതിരുന്ന ഡീനിയും സെബാസ്റ്റ്യൻ പ്രൊഡിലും വാറ്റ്ഫോർഡ് നിരയിൽ തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റു പുറത്തുപോയാ യൂനിസ് കാബൂൾ ഈ സീസണിൽ വാറ്റ്ഫോഡിന് വേണ്ടി ബൂട്ട് കെട്ടുമോ എന്നതും സംശയമാണ്. വെസ്റ്റ് ബ്രോം നിരയിൽ മാറ്റ് ഫിലിപ്സ് പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയേക്കും. റോബ്സൺ കാനുവിന് പകരം സലോമോൻ റോണ്ടൻ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചേക്കാം.
29 കളികളിൽ നിന്ന് 34 പോയിന്റുമായി വാറ്റ്ഫോർഡ് 12ആം സ്ഥാനത്താണ്. 30 മത്സരങ്ങൾ കളിച്ച വെസ്റ്റ് ബ്രോം 44പോയിന്റുമായി 8ആം സ്ഥാനത്താണ്.