
പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ലെസ്റ്റർ സിറ്റിക്കും ന്യൂ കാസിലിനും ജയം. ജയത്തോടെ ന്യൂ കാസിൽ പോയിന്റ് പട്ടികയിൽ 13ആം സ്ഥാനത്ത് എത്തിയപ്പോൾ തോൽവിയോടെ സൗത്താംപ്ടണിന്റെ നില പരുങ്ങലിലായി
പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള വെസ്റ്റ് ബ്രോമിനെയാണ് ലെസ്റ്റർ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചത്. ലെസ്റ്ററിന് വേണ്ടി വാർഡി, മഹ്റസ്, ഇഹ്നാച്ചു, ഇബോറ എന്നിവർ ഗോൾ നേടിയപ്പോൾ വെസ്റ്റ് ബ്രോമിന് വേണ്ടി റോണ്ടൻ ഒരു ഗോൾ നേടി. മത്സരത്തിൽ വെസ്റ്റ് ബ്രോം ഒരു ഗോൾ നേടി മുൻപിലെത്തിയതിന് ശേഷമാണു ലെസ്റ്റർ നാല് ഗോളടിച്ച് വിജയം സ്വന്തമാക്കിയത്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സൗത്താംപ്ടണെ തോൽപ്പിച്ചു. ഇരട്ട ഗോളുകളോടെ കെന്നഡി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ന്യൂ കാസിലിന്റെ മൂന്നാമത്തെ ഗോൾ റിച്ചി നേടി. ജയത്തോടെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് കരകയറാനും ന്യൂ കാസിലിനായി.
പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഹഡേഴ്സ് ഫീൽഡ് – സ്വാൻസി സിറ്റി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial