ബ്രൈറ്റനെയും തോൽപ്പിച്ച് ലെസ്റ്റർ കുതിപ്പ് തുടരുന്നു

ബ്രൈറ്റനെയും തോൽപ്പിച്ച് പ്രീമിയർ ലീഗിൽ തങ്ങളുടെ കുതിപ്പ് തുടർന്ന് ലെസ്റ്റർ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനും ലെസ്റ്റർ സിറ്റിക്കായി.

രണ്ടാം പകുതിയിൽ ആയു പെരസിലൂടെയാണ് ലെസ്റ്റർ ആദ്യ ഗോൾ നേടിയത്. മികച്ചൊരു കൌണ്ടർ അറ്റാക്കിനൊടുവിലാണ് പെരസ് ബ്രൈറ്റൻ വല കുലുക്കിയത്. തുടർന്ന് പെനാൽറ്റിയിലൂടെ വാർഡിയാണ് ലെസ്റ്ററിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.  ആദ്യം പെനാൽറ്റിയെടുത്ത വാർഡിയുടെ പെനാൽറ്റി  ഗോൾ കീപ്പർ തടയുകയും തുടർന്ന് മാഡിസൺ റീബൗണ്ടിൽ ഗോൾ നേടുകയുമായിരുന്നു. എന്നാൽ വാർ പരിശോധിച്ച റഫറി പെനാൽറ്റി വീണ്ടുമെടുപ്പിക്കുകയും തുടർന്ന് കിക്ക്‌ എടുത്ത വാർഡി പെനാൽറ്റി ലക്‌ഷ്യം കാണുകയുമായിരുന്നു.

Exit mobile version