ചെൽസിക്ക് വീണ്ടും നിരാശ, ബ്രിഡ്ജിൽ ഗോൾ രഹിത സമനില

- Advertisement -

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിക്ക് നിരാശ. ലെസ്റ്ററിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയ അവർ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഗോൾ രഹിത സമനില വഴങ്ങുന്നത്. നേരത്തെ ലീഗ് കപ്പിലും, എഫ് എ കപ്പിലും ചെൽസി സമനില വഴങ്ങിയിരുന്നു. ഇതോടെ 2018 ലെ ആദ്യ ജയത്തിനായി ചെൽസിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

ഹോം ഗ്രൗണ്ടിൽ തീർത്തും പ്രതിരോധ ഫുട്‌ബോളിന് ശ്രമിച്ചതാണ് ചെൽസിക്ക് തിരിച്ചടിയായത്. ഫോം ഇല്ലാത്ത ബകയോകോയെ ടീമിൽ ഉൾപ്പെടുത്തിയത് കൊണ്ടേയുടെ തീരുമാനങ്ങളിൽ പിഴച്ച പ്രധാനപെട്ടതാണ്. ലെസ്റ്റർ ആവട്ടെ മത്സരത്തിന്റെ തുടക്കം മുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു ചെൽസിക്ക് പ്രതിരോധ നിരക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. മഹ്‌റസും വാർഡിയും മികച്ച പങ്കാളിത്തത്തോടെ കളിച്ചതോടെ ആദ്യ പകുതിയിൽ മാത്രം 12 അവസരങ്ങളാണ് ലെസ്റ്റർ സൃഷ്ടിച്ചത്.

രണ്ടാം പകുതിയിൽ ചെൽസി മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും ആദ്യ 15 മിനുറ്റ് പിന്നിട്ടിട്ടും കളി മെച്ചപ്പെടാതായതോടെ കോണ്ടേ ഫാബ്രിഗാസിന്റെയും ഹസാർഡിനെയും പിൻവലിച്ച് പെഡ്രോയെയും വില്ലിയനെയും കളത്തിൽ ഇറക്കി. 70 ആം മിനുട്ടിൽ ലെസ്റ്റർ താരം ചിൽവെൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും പിന്നീടുള്ള 20 മിനുട്ടും ചെൽസിക്ക് ഗോൾ നേടാനായില്ല. നിലവിൽ 47 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ്‌ ചെൽസി. 31 പോയിന്റുള്ള ലെസ്റ്റർ എട്ടാം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement