റഫീഞ്ഞയുടെ പണം നൽകിയില്ലെങ്കിൽ ബാഴ്‌സലോണക്ക് എതിരെ ആഗോളതലത്തിൽ പ്രതിഷേധം ഉയർത്തും എന്നു ലീഡ്സ് ഉടമ

20220805 164807

സെപ്റ്റംബർ രണ്ടിന് അകം ബ്രസീലിയൻ താരം റഫീഞ്ഞയുടെ പണം ബാഴ്‌സലോണ നൽകിയില്ലെങ്കിൽ ആഗോളതലത്തിൽ എല്ലാ മാധ്യമങ്ങളിലും ബാഴ്‌സലോണക്ക് എതിരെ പ്രതിഷേധം ഉയർത്തും എന്നു ലീഡ്സ് യുണൈറ്റഡ് ഉടമ ആന്ദ്രയ റാഡ്രിസാനി. ഇംഗ്ലീഷ് മാധ്യമം ആയ അത്ലറ്റിക്കിന്‌ നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. തുടക്കത്തിൽ ആഴ്‌സണലും ടോട്ടൻഹാമും അടക്കം താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഒരിക്കൽ ചെൽസിയും ആയി തങ്ങൾ കരാറിൽ എത്തിയത് ആയും അദ്ദേഹം വെളിപ്പെടുത്തി.

താരത്തിന് പ്രീമിയർ ലീഗിൽ തുടരാൻ താൽപ്പര്യം ഉള്ളത് കൊണ്ടായിരുന്നു ഈ കരാർ അംഗീകരിച്ചത് എന്നു പറഞ്ഞ അദ്ദേഹം എന്നാൽ പിന്നീട് താരവും ഏജന്റും അതിൽ താൽപ്പര്യം ഇല്ലെന്നു അറിയിക്കുക ആണെന്നും പറഞ്ഞു. ചെൽസിയുടെ കരാർ ആയിരുന്നു തങ്ങൾക്ക് നല്ലത് എങ്കിലും ബാഴ്‌സലോണ താരവും ആയി ധാരണയിൽ എത്തിയതോടെ അവർ ബാഴ്‌സലോണയുടെ കരാറിന് ആയി കാത്തിരിക്കാൻ തയ്യാറാവുക ആയിരുന്നു. ഇതോടെ താൻ പറഞ്ഞ വാക്ക് മാറ്റാൻ നിർബന്ധിതനായെന്നും ചെൽസി ഉടമ ടോഡ് ബോഹ്‌ലിയോട് ഈ കാര്യം പറയാൻ നാണക്കേട് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഫീഞ്ഞയെ വിൽക്കാൻ തങ്ങൾക്ക് താൽപ്പര്യം ഇല്ലായിരുന്നു എങ്കിലും 6 താരങ്ങളെ പുതുതായി ടീമിൽ എത്തിക്കാം എന്നത് കൊണ്ടാണ് തങ്ങൾ അത് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

ഒടുവിൽ ബാഴ്‌സലോണ ചെൽസിക്ക് സമാനമായ കരാറും ആയി എത്തിയതോടെ തങ്ങൾ താരത്തെ വിൽക്കുക ആണെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെയും ഏജന്റിന്റെയും നിർബന്ധം ആണ് താൻ വാക്ക് മാറാൻ കാരണം എന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണ എങ്ങനെയാണ് ഇത്രയും പൈസ ഉണ്ടാക്കിയത് എന്നും കടത്തിൽ നിന്നു കര കയറിയത് എന്നും തനിക്ക് അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം റഫീഞ്ഞയുടെ പണം ലഭിക്കുന്ന കാര്യത്തിലും സംശയം പ്രകടിപ്പിച്ചു. റഫീഞ്ഞയുടെ പണം സെപ്റ്റംബർ 2 നു അകം നൽകിയില്ലെങ്കിൽ ആഗോളതലത്തിൽ തന്നെ വലിയ പ്രതിഷേധവും കേസും ഉയർത്തും എന്നും തുടർന്ന് അദ്ദേഹം കൂട്ടിച്ചേർക്കുക ആയിരുന്നു.