ലെസ്റ്റര്‍ സിറ്റി റനിയേരിയെ പുറത്താക്കി

- Advertisement -

ലെസ്റ്റർ സിറ്റി പരിശീലകൻ ക്ലാഡിയോ റനി യേരിയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി, ചാമ്പ്യൻസ് ലീഗിൽ ഇന്നലെ സെവിയ്യയോട് തോറ്റെങ്കിലും അപ്രതീക്ഷിതമായിരുന്നു ലെസ്റ്റർ ബോർഡിന്റെ തീരുമാനം.

അങ്ങനെ ജോസ് മൗറിഞ്ഞോയുടെ വിധി റനിയേരിക്കും വന്നെത്തി, പ്രീമിയർ ലീഗ് നേടിയ സീസണില് തൊട്ടടുത്ത വര്ഷം പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപെടുന്ന രണ്ടാമത്തെ പരിശീലകനായി റനിയേരി, 2016 ലെ ചാമ്പ്യന്മാരായ ലെസ്റ്ററിന്റെ ഈ സീസണിലെ ദയനീയ പ്രകടനമാണ് ഇറ്റലിക്കാരന്റെ ജോലി നഷ്ടമാക്കിയത്.

2015-2016 സീസണിൽ സർവ്വ പ്രവചനങ്ങളെയും അസ്ഥാനത്താക്കിയാണ് ലെസ്റ്റർ സ്വപ്നതുല്യമായ പ്രകടനത്തിലൂടെ ചാംപ്യന്മാരായത്, ഫുട്ബാൾ ലോകത്തിന് കേട്ട് കേൾവിയില്ലാത്ത ഏതാനും താരങ്ങളെ വച്ച് ലോകത്തിലെ തന്നെ ഏറ്റവും കടുത്ത ലീഗെന്ന് വിശ്വസിക്കപ്പെടുന്ന പ്രീമിയർ ലീഗ് ചാംപ്യന്മാരാക്കുക, ഏതൊരാൾക്കും സ്വപ്നംകാണാം എന്ന് കായിക ലോകത്തിനോട് ഉറക്കെ വിളിച്ചു പറഞ്ഞാണ് റനിയേരി ലെസ്റ്ററിനെ ചാംപ്യന്മാരാക്കിയത്.

ഈ സീസണിലെത്തിയപ്പോൾ കാര്യങ്ങൾ റനിയേരിയുടെ കൈകളിൽ നിന്ന് നഷ്ടമാവുന്നതാണ് കണ്ടത്, ഏതാനും മാസങ്ങൾക്ക് മുൻപ് ചാമ്പ്യന്മാരായ ടീം കളി മറന്നപ്പോൾ 25 ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 17 ആം സ്ഥാനത്തായ ലെസ്റ്റർ പുറത്താക്കൽ ഭീഷണിയിലാണ്, ഇന്നലെ ചാമ്പ്യൻസ് ലീഗിലെ നിറം മങ്ങിയ തോൽവികൂടി ആയപ്പോൾ റെനിയേരിയുടെ കാര്യം പരുങ്ങലിലായി. പുതിയ പരിശീലക്കനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുറത്താക്കൽ ഭീഷണിയിൽ നിന്ന് ടീമിനെ രക്ഷിക്കാൻ പെട്ടെന്ന് തന്നെ പുതിയൊരാൾ ചാർജ് എടുക്കാനാണ് സാധ്യത.

നേരത്തെ 2015 ഡിസംബറിൽ ചെൽസിയും തൊട്ട് മുൻപത്തെ സീസണിൽ ക്ലബ്ബിനെ ചാംപ്യന്മാരാക്കിയ ജോസ് മൗറീഞ്ഞോയെയും സമാന സാഹചര്യത്തിൽ പുറത്താക്കിയിരുന്നു, റെനിയേരിയുടെ ലെസ്റ്ററിനോട് തോറ്റ് തൊട്ടടുത്ത ദിവസമാണ് മൗറീഞ്ഞോ പുറത്താക്കപെട്ടത്.

Advertisement