ഗംഭീരം ലമ്പാർഡിന്റെ ചെൽസിയിലെ ആദ്യ സീസൺ!!

- Advertisement -

സീസൺ അവസാനിക്കാൻ ഇനിയും മാസം രണ്ട് ബാക്കിയുണ്ട് എങ്കിലും ചെൽസിയുടെ ഈ സീസൺ ഇതുവരെ വിലയിരുത്തിയാൽ അത് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ലമ്പാർഡ് എന്ന പരിശീലകൻ ലമ്പാർഡ് എന്ന കളിക്കാരനെ പോലെ തന്നെ വലിയ മികവുള്ള ആളാണെന്നും ചെൽസിക്ക് ഒരിക്കലും ഇല്ലാതിരുന്ന പ്രത്യേക സൗന്ദര്യം നൽകാൻ ലമ്പാർഡിനാകുന്നുണ്ട് എന്നും തന്നെ പറയാം. എല്ലാവരും ചെൽസി ഒരുപാട് പിറകിലേക്ക് പോകും എന്ന് പ്രവചിച്ചു എങ്കിലും ചെൽസി യുവനിരയുമായി വേഗതയാർന്ന ഫുട്ബോളുമായി ഇംഗ്ലീഷ് ഫുട്ബോളിൽ തിളങ്ങുകയാണ്.

ഈ സീസൺ ആരംഭിക്കും മുമ്പ് തന്നെ ഒരുപാട് തിരിച്ചടികളായിരുന്നു ചെൽസി നേരിട്ടത്. ആദ്യം ട്രാൻസ്ഫർ വിലക്ക് വന്നു. അതോടെ താരങ്ങളെ എടുക്കാൻ പറ്റാത്ത അവസ്ഥ ആയി. അതിനു പിന്നാലെ നല്ല പ്രതീക്ഷകൾ നൽകിയുരുന്ന പരിശീലകൻ സാരി ക്ലബ് വിട്ട് യുവന്റസിലേക്ക് പോയി. അതിനു പിറകെ ടീമിന്റെ നെടുംതൂണായ ഹസാർഡ് ക്ലബ് ഉപേക്ഷിച്ച് സ്പെയിനിലേക്ക്. പിന്നെ അവസാനം ഡിഫൻസിൽ ഇത്തിരി പരിചയസമ്പത്ത് കൈമുതലായി ഉണ്ടായിരുന്ന ഡേവിഡ് ലൂയിസും ക്ലബ് വിട്ടു.

ആരാധകർക്ക് ഇത് ഒരു കിരീടങ്ങൾ വരിക്കൂട്ടുന്ന സീസൺ ഒന്നും ആകില്ല എന്ന് ബോധ്യമുണ്ടായിരുന്നു. നിരാശയിൽ ആയിരുന്ന ചെൽസി ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്ത ആയിരുന്നു ക്ലബ് ഇതിഹാസം ലമ്പാർഡ് പരിശീലകനായി എത്തുന്നത്. ഡെർബിയിൽ നല്ല ഫുട്ബോൾ കളിപ്പിച്ചും വിജയങ്ങൾ നേടിയും പേരെടുത്ത ലമ്പാർഡ് ചെൽസിയിൽ എത്തിയപ്പോൾ ഇത്ര വലിയ ക്ലബിനെ പരിശീലിപ്പിക്കാനുള്ള മികവ് ലമ്പാർഡിനുണ്ടോ എന്ന സംശയം ഉണർന്നിരുന്നു.

ലമ്പാർഡിനെ പരിശീലക രംഗത്തെ പരിചയക്കുറവ് മാത്രമല്ല ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ഒക്കെ പോലെ മികച്ചൊരു സ്ക്വാഡ് ചെൽസിക്ക് ഇല്ല ഇത്തവണ എന്നതും പ്രശ്നമായി. അറ്റാക്കിലും ഡിഫൻസിലും ഒക്കെ ആദ്യ ഇലവനപ്പുറം മികച്ച താരങ്ങൾ ചെൽസിയിൽ ഇല്ലായിരുന്നു. എന്നാൽ അതിനുള്ള പരിഹാരം യുവതാരങ്ങളിൽ വിശ്വാസം അർപ്പിച്ച് കൊണ്ട് ലമ്പാർഡ് കണ്ടെത്തി. ടാമി അബ്രഹാം, മേസൺ മൗണ്ട്, ഗിൽമൗർ, റീസ് ബ്രൗൺ, തൊമോരി തുടങ്ങി ലമ്പാർഡിന്റെ വിശ്വാസം കൊണ്ട് മാത്രം യുവതാരങ്ങൾ സൂപ്പർ താരങ്ങളായി മാറി.

ഇപ്പോൾ അധികം ഭീഷണിയൊന്നും ഇല്ലാതെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് അരികെ നിൽക്കുകയാണ് ചെൽസി. ഒപ്പം എഫ് എ കപ്പിൽ സെമി ഫൈനലിൽ എത്തി നിൽക്കുന്നു‌. ഈ സീസണിൽ അയാക്സ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ടോട്ടൻഹാം എന്നീ വൻ ടീമുകളെയൊക്കെ പരാജയപ്പെടുത്താനും ലമ്പാർഡിന്റെ ടീമിനായി. ഹകീം സിയെചിന്റെയും വെർണറുടെയും പോലുള്ള വലിയ സൈനിംഗുകൾ ചെൽസിയിലേക്കു വന്നതും ലമ്പാർഡിന്റെ കഴിവിലുള്ള താരങ്ങളുടെയും ക്ലബിന്റെയും വിശ്വാസം തന്നെ‌യാണ്. ഇനി സീസൺ ചെൽസി എങ്ങനെ അവസാനിപ്പിച്ചാലും ചെൽസി ആരാധകർ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ മുകളിലാണ് ലമ്പാർഡ് തന്ന സന്തോഷം എന്നതാണ് സത്യം.

Advertisement