ലിവർപ്പൂളിന് വീണ്ടും തിരിച്ചടി, ലല്ലാനയ്ക്ക് നാലു മാസം നഷ്ടമാകും

- Advertisement -

സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ലിവർപൂളിന് കനത്ത തിരിച്ചടിയായി ആദം ലല്ലാനായുടെ പരിക്ക്. തുടയെല്ലിന് ഏറ്റ പരിക്ക് കാരണം താരത്തിന് ഈ സീസണിലെ രണ്ടു മാസമെങ്കിലും പുറത്തിരിക്കേണ്ടി വരും. ലിവർപൂൾ തന്നെയാണ് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാർത്ത പുറത്ത് വിട്ടത്.അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന ഓഡി കപ്പ് ഫൈനലിൽ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പും ലല്ലാന ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ട്. ലിവർപൂൾ മധ്യ നിരയിൽ അഭിവാജ്യ ഘടകമാണ് ലല്ലാന. ലല്ലാനായില്ലാതെ സീസണിൽ മികച്ച തുടക്കം നേടുക എന്നത് ലിവർപൂളിന് കനത്ത വെല്ലുവിളി ആയേക്കും. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 8 ഗോളുകളും 7 അസിസ്റ്റുകളും നേടി മികച്ച ഫോമിലായിരുന്നു ലല്ലാന. താരം പരിക്കിൽ നിന്ന്‌ തിരിച്ചു വരാൻ 4 മാസമെങ്കിലും എടുക്കുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്തായാലും പരിക്ക് സാരമായ ഒന്നു തന്നെയാണെന്ന് ഉറപ്പായിട്ടുണ്ട്.

ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ കളിക്കാരെ എത്തിക്കാൻ കഴിയാതെ വിഷമിക്കുന്ന ക്ളോപ്പിന് ലല്ലാനയെ പോലെ നിർണായകമായ ഒരു കളിക്കാരനെ മാസങ്ങളോളം നഷ്ടമാവുക എന്നത് കനത്ത തിരിച്ചടിയാകും. നബി കെയ്റ്റക്ക് വേണ്ടി ക്ളോപ്പ് ശ്രമിച്ചിരുന്നെങ്കിലും അത്‌ നടന്നില്ല. ഓഡി കപ്പ് ഫൈനലിൽ ഡാനിയേൽ സ്റ്ററിഡ്ജിനു പരിക്കേറ്റിരുന്നെങ്കിലും സാരമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടാതെ കുട്ടീഞ്ഞോയെ സ്വന്തമാക്കാൻ ബാഴ്സലോണ തയ്യാറെടുക്കുന്നു എന്ന വാർത്തകളും വരുന്നുണ്ട്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement