
ലാകസെറ്റിന്റെ ഇരട്ട ഗോൾ കണ്ട മത്സരത്തിൽ ആഴ്സണലിന് ഏകപക്ഷീയമായ വിജയം. വെസ്റ്റ് ബ്രോമിനെതിരെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ഗോളുകളുമായി തിളങ്ങിയ ഫ്രഞ്ച് സ്ട്രൈക്കർ ലാകസെറ്റ് പ്രീമിയർ ലീഗിലെ ആദ്യ മൂന്നു ഹോം മത്സരങ്ങളിലും സ്കോർ ചെയ്യുന്ന ആദ്യത്തെ ആഴ്സണൽ താരമായി.
ഇരുപതാം മിനുട്ടിൽ എവാൻസ് ചെയ്ത ഫൗളിന് കിട്ടിയ ഫ്രീകിക്കിൽ നിന്നായിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ പിറന്നത്. സാഞ്ചേസ് എടുത്ത ഫ്രീകിക്ക് റീബൗണ്ടിൽ ലക്ഷ്യത്തിൽ എത്തിച്ചായിരുന്നു ലാകസെറ്റിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ പെനാൾട്ടിയിൽ നിന്നാണ് രണ്ടാം ഗോൾ പിറന്നത്. 67ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്ത് ലാകസെറ്റ് ആഴ്സണലിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.
ആഴ്സണലിന്റെ പരാജയമറിയാത്ത അഞ്ചാമത്തെ മത്സരമാണ് ഇന്ന് കഴിഞ്ഞത്. യൂറോപ്പ ലീഗിലെ ഗ്രൂപ്പ് മത്സരമാണ് ഇനി ആഴ്സണലിനുള്ളത്. ലീഗിൽ ആറു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി ഏഴാം സ്ഥാനത്താണ് ആഴ്സണൽ ഇപ്പോൾ. ഇന്നത്തെ മത്സരത്തോടെ വെസ്റ്റ് ബ്രോം താരം ഗാരെത് ബാരി പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരം എന്ന റെക്കോറ്ഡ് കുറിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial