റെക്കോർഡ്‌ തുകക്ക് ലകസേറ്റ ആർസനലിൽ

ഒടുവിൽ കാത്തിരുന്ന വാർത്ത എത്തി. ആർസനലിന്റെ സീസണിലെ രണ്ടാമത്തെ സൈനിംങ് ആയി അലക്സാണ്ട്രാ ലാകസേറ്റ ആർസനലിൽ. ഇന്നലെ മെഡിക്കൽ കഴിഞ്ഞ താരത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം അല്പ്പം വൈകിയാണ് ഉണ്ടായത്. സോഷ്യൽ മീഡിയയിൽ കൂടിയാണ് ആർസനൽ ലകസേറ്റ വാർത്ത പുറത്ത് വിട്ടത്.

ഏതാണ്ട് 52 മില്യനാണ് ലകസേറ്റ ലിയോണിൽ നിന്ന് ആർസനലിൽ എത്തുന്നത്. ആർസനലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിങാണ് ഇത്. 2013 ൽ റയലിൽ നിന്ന് 43.5 മില്യണു ആർസനലിലെത്തിയ മെസ്യൂട്ട് ഓസിലിന്റെ റെക്കോഡാണ് ഇതോടെ തകർക്കപ്പെട്ടത്. ഓസിൽ, സാഞ്ചസ് എന്നിവർ ടീമിൽ തുടരുമോ എന്ന ആശങ്കക്കിടെ ലകസേറ്റ ടീമിലെത്തിയത് ആർസനൽ ഫാൻസിന് ആശ്വാസം പകരുന്നുണ്ട്.

റോബിൻ വാൻ പെർസി ക്ലബ് വിട്ട ശേഷം ആർസനലിലെത്തുന്ന ഏറ്റവും മികച്ച മുന്നേറ്റ നിര താരമായാണ് ലകസേറ്റയെ കണക്കാക്കുന്നത്. ഫ്രാൻസിൽ ഗോളടിച്ച് കൂട്ടുന്ന ലകസേറ്റയിൽ നിന്ന് ഗോളുകൾ തന്നെയാവും വെങ്ങർ പ്രതീക്ഷിക്കുക. എന്നാലും ഫ്രാൻസിലെ പ്രകടനം ലകസേറ്റക്ക് നില നിർത്താനാവുമോ എന്ന ആശങ്കയും പലരും പങ്ക് വക്കുന്നു. ലകസേറ്റയുടെ വരവോടെ ഫ്രാൻസ് സഹതാരം ഒളിവർ ജിറോഡിന്റെ ആർസനൽ ഭാവി ആശങ്കയിലായി. നിലവിൽ എവർട്ടൺ, വെസ്റ്റ് ഹാം, ക്രിസ്റ്റൽ പാലസ് എന്നീ ടീമുകൾ ജിറോഡിന് പിറകെ ഉണ്ടെങ്കിലും ജിറോഡ് ആർസനലിൽ തുടരാനാണ് സാധ്യത. ഇത്തവണ രണ്ടും കൽപ്പിച്ചാണ് ആർസനൽ ട്രാൻസ്ഫർ മാർക്കറ്റിലിറങ്ങിയിരിക്കുന്നതെന്നാണ് സൂചനകൾ. ലകസേറ്റിന് പിറകെ ലെസ്റ്റർ താരം റിയാദ് മാഹ്രസിനെയും ടീമിലെത്തിക്കും എന്ന സൂചനകളുണ്ടെങ്കിലും സാഞ്ചസ്, ഓസിൽ എന്നിവരെ നിലനിർത്താനുള്ള ശ്രമങ്ങളാവും ആർസനൽ ഇനി ആദ്യം നടത്തുക എന്നാണ് സൂചനകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial