മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ ചുവപ്പ് കാർഡിനു പിന്നാലെ ക്ലോപ്പിന് എതിരെ നടപടി എടുത്ത് എഫ്.എ

20221019 062129

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റഫറിമാർ നേരിടുന്ന കൂടുതൽ പ്രതിഷേധങ്ങൾളും അധിക്ഷേപങ്ങളും നാൾക്കുനാൾ കൂടുതൽ വിവാദങ്ങൾ ആണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ സൈഡ് ലൈൻ റഫറിക്ക് നേരെ രൂക്ഷമായി പ്രതികരിച്ച ക്ലോപ്പിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ലിവർപൂൾ പരിശീലകനു നേരെ ഫുട്‌ബോൾ അസോസിയേഷൻ നടപടിയും പ്രഖ്യാപിച്ചു. താൻ മത്സരശേഷം റഫറിമാരോട് മാപ്പ് പറഞ്ഞത് ആയി ക്ലോപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു.തന്റെ പ്രവർത്തിയിൽ അഭിമാനം ഇല്ലെന്നു പറഞ്ഞ ക്ലോപ്പ് താൻ ചുവപ്പ് കാർഡ് അർഹിക്കുന്നത് ആയി സമ്മതിക്കുകയും ചെയ്തിരുന്നു.

ക്ലോപ്പിന്റെ പ്രതികരണം റഫറിമാരെ അവഹേളിക്കുന്ന, അപമാനിക്കുന്ന പ്രതികരണം എന്നാണ് ഫുട്‌ബോൾ അസോസിയേഷൻ കണ്ടത്തിയത്. വെള്ളിയാഴ്ച വരെ ഈ നടപടിക്ക് എതിരെ പ്രതികരിക്കാൻ ക്ലോപ്പിന് ആവും. ഇത് തൃപ്തികരം അല്ലെങ്കിൽ ജർമ്മൻ പരിശീലകനു നേരെ എഫ്.എ ശിക്ഷാനടപടിയും സ്വീകരിക്കും. നിരന്തരമായ ഇത്തരം പ്രവർത്തികൾ കാരണം പല യൂത്ത് മത്സരങ്ങളും റഫറിമാർ ബഹിഷ്‌കരിച്ചതിനാൽ മാറ്റി വച്ചിരുന്നു. ഇത്തരം പ്രവർത്തികൾ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ നിന്നു വരുന്നത് വളരെ മോശം മാതൃകയാണ് സൃഷ്ടിക്കുക എന്നാണ് റഫറി അസോസിയേഷൻ പ്രതികരിച്ചത്. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നതിനു എതിരെ ചർച്ചകൾ വേണം എന്നും അവർ ആവശ്യപ്പെട്ടിരുന്നു.