ഇഹിനാചോ തന്നെ താരം, പിന്നിൽ നിന്ന് തിരിച്ചടിച്ച് ലെസ്റ്റർ സിറ്റിക്ക് ജയം

പ്രീമിയർ ലീഗിൽ ടോപ് ഫോർ ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ നിർണായക ജയം സ്വന്തമാക്കി ലെസ്റ്റർ സിറ്റി. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മത്സരത്തിൽ പിന്നിൽ പോയതിന് ശേഷം തിരിച്ചടിയാണ് ലെസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയത്. 2-1നാണ് ലെസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലെസ്റ്റർ സിറ്റിയുടെ ടോപ് ഫോർ സാധ്യതകൾ വർദ്ധിച്ചു. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെക്കാൾ 7 പോയിന്റിന്റെ ലീഡ് ലെസ്റ്റർ സിറ്റിക്കുണ്ട്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വിൽഫ്രഡ് സാഹയിലൂടെയാണ് ക്രിസ്റ്റൽ പാലസ് മുൻപിൽ എത്തിയത്. തുടർന്ന് ആദ്യ പകുതിയിൽ ലീഡ് നിലനിർത്താനും ക്രിസ്റ്റൽ പലാസിനായി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ലെസ്റ്റർ സിറ്റി ആദ്യം തിമോത്തി കാസ്റ്റൈനിലൂടെ സമനില ഗോൾ നേടുകയും തുടർന്ന് മത്സരം അവസാനിക്കാൻ 10 മിനുറ്റ് ബാക്കി നിൽക്കെ ഇഹിനാചോവിലൂടെ വിജയ ഗോളും നേടുകയുമായിരുന്നു. ലെസ്റ്ററിന്റെ ആദ്യ ഗോളിന് വഴി ഒരുക്കുകയും തുടർന്ന് മികച്ചൊരു ഗോളിലൂടെ ലെസ്റ്റർ സിറ്റിക്ക് ജയം സമ്മാനിക്കുകയും ചെയ്ത ഇഹിനാചോ ആണ് മത്സരത്തിലെ താരം. അവസാന 14 മത്സരങ്ങളിൽ നിന്ന് ഇഹിനാചോവിന്റെ 14മത്തെ ഗോളായിരുന്നു ഇത്.