പ്രീ സീസണിൽ ചെൽസിയെ തോൽപ്പിച്ച് കാവസാക്കി

ജപ്പാനിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി. ജെ ലീഗ് ക്ലബായ കാവസാക്കി ഫ്രോണ്ടൽ ആണ് ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചത്. മത്സരത്തിലുടനീളം ചെൽസിക്കെതിരെ മികച്ച പ്രകടനം നടത്തിയാണ് കാവസാക്കി ഫ്രോണ്ടൽ ജയം സ്വന്തമാക്കിയത്. ചെൽസി പരിശീലകനായതിന് ശേഷം ഫ്രാങ്ക് ലാംപാർഡിന്റെ കീഴിൽ ആദ്യമായാണ് ചെൽസി പരാജയപ്പെടുന്നത്.

പുതിയ പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് പരിചയ സമ്പന്നരായ താരങ്ങളെ മുൻ നിർത്തിയാണ് മത്സരം തുടങ്ങിയതെങ്കിലും ആർത്തുവിളിച്ച സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനമാണ് കാവസാക്കി ടീം കാഴ്ചവെച്ചത്. മത്സരം പുരോഗമിച്ചതോടെ പതിയെ ചെൽസി മത്സരത്തിൽ താളം കണ്ടെത്തിയെങ്കിലും ഗോൾ നേടാൻ അവർക്കായില്ല.

രണ്ടാം പകുതിയിൽ ചെൽസി ജേഴ്സിയിൽ ആദ്യമായി കളിയ്ക്കാൻ ഇറങ്ങിയ പുലിസിച്ചിലൂടെയും ജിറൂദിലൂടെയും കെന്നഡിയിലൂടെയും ചെൽസി ഗോൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കാവസാക്കി പ്രതിരോധം മറികടന്ന് ഗോൾ നേടാൻ അവർക്കായില്ല.  തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ കാവസാക്കി താരം ഡാമിയാവോയിലൂടെ കാവസാക്കി നിർണായക ഗോൾ നേടി മത്സരത്തിൽ ജയം ഉറപ്പിക്കുകയായിരുന്നു. അടുത്ത പ്രീ സീസൺ മത്സരത്തിൽ ബാഴ്‌സലോണയാണ് ചെൽസിയുടെ എതിരാളികൾ.

Exit mobile version