റെക്കോർഡിട്ട് ഹാരി കെയ്ൻ, സ്പർസിന് വിജയം

- Advertisement -

പ്രീമിയർ ലീഗിൽ ബോക്സിങ് ഡേ മത്സരങ്ങൾക്ക് ടോട്ടൻഹാമിന്റെ ഗോൾ മഴയോടെ തുടക്കം. ഹാരി കെയ്ൻ ഹാട്രിക് നേടിയ മത്സരത്തിൽ 5-2 നാണ് വെംബ്ലിയിൽ സ്പർസ് സൗതാംപ്ടനെ മറികടന്നത്. ഇന്നത്തെ ഗോളുകളോടെ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് കെയ്ൻ സ്വന്തം പേരിലാക്കി. 2017 ഇൽ 39 ലീഗ് ഗോളുകളുള്ള താരം അലൻ ശിയററുടെ റെക്കോർഡാണ് മറികടന്നത്.

22 ആം മിനുട്ടിൽ എറിക്സന്റെ പാസ്സ് ഗോളാക്കി ഗോൾ വേട്ട ആരംഭിച്ച കെയ്ൻ വൈകാതെ 39 ആം മിനുട്ടിൽ രണ്ടാം ഗോളും നേടി. ആദ്യ പകുതിയിൽ ഈ രണ്ടു ഗോളുകൾക്ക് സ്പർസ് മുന്നിട്ട് നിന്നപ്പോൾ സൗത്താംപ്ടന് കാര്യമായി ഒന്നും ചെയാനായില്ല. രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇറങ്ങിയത്. 49 ആം മിനുട്ടിൽ സ്പർസ് മൂന്നാം ഗോളും അലിയിലൂടെ നേടിയതോടെ മത്സരം പൂർണ്ണമായും സ്പർസിന്റെ കൈകളിലായി. 51 ആം മിനുട്ടിൽ സോണ് നാലാം സ്പർസ് ഗോളും നേടി. ഇതിനിടെ പരിക്കേറ്റ മൂസ ഡംബലേക്ക് പകരം സിസോകോയെ സ്പർസ് ഇറക്കിയെങ്കിലും അവരുടെ കളിക്ക് യാതൊരു കോട്ടവും തട്ടിയില്ല.  64 ആം മിനുട്ടിൽ ബൗഫൽ സൗത്താംപ്ടനായി ഒരു ഗോൾ മടക്കിയെങ്കിലും  കെയ്‌നിന്റെ ഹാട്രിക് ഗോൾ വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. 67 ആം മിനുട്ടിൽ അലിയുടെ അസിസ്റ്റിൽ കെയ്ൻ തന്റെ ഹാട്രിക് പൂർത്തിയാക്കി. 2017 ഇൽ കെയ്ൻ നേടുന്ന എട്ടാമത്തെ ഹാട്രിക്കായിരുന്നു ഇന്നത്തേത്. 82 ആം മിനുട്ടിൽ റ്റാടിച് സൗതാംപ്ടന്റെ രണ്ടാം ഗോൾ നേടിങ്കിലും ഒരു തിരിച്ചുവരവിനുള്ള അവസരം പിന്നീട് ഉണ്ടായിരുന്നില്ല.

ജയത്തോടെ 37 പോയിന്റുള്ള സ്പർസ് നാലാം സ്ഥാനത്താണ്‌. 19 പോയിന്റുള്ള സൗത്താംപ്ടൻ 13 ആം സ്ഥാനത്തും. ഇന്നത്തെ തോൽവിയോടെ സൗത്താംപ്ടൻ പരിശീലകൻ പല്ലെഗ്രിനോയുടെ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായേക്കും. എങ്കിലും വരാനിരിക്കുന്ന ഒന്നോ രണ്ടോ മത്സരങ്ങൾ അദ്ദേഹത്തിന് ജോലി നിലനിർത്താൻ അവസരം നൽകിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement