
പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻകൈ നേടികൊടുത്തു കൊണ്ട് ഓൾഡ്ട്രാഫോർഡിൽ മൗറീന്യോയ്ക്കും സംഘത്തിനും തകർപ്പൻ ജയം. ഇന്ന് നടന്ന ഡെർബി പോരാട്ടത്തിൽ ലിവർപൂളിനെ ഹോസെ തന്റെ മികച്ച ടാക്ടിക്സിൽ വരിഞ്ഞ്കെട്ടി തോൽപ്പിക്കുകയായിരുന്നു.
സാല, മാനെ, ഫെർമീനോ അറ്റാക്കിംഗ് സഖ്യത്തെ നിശ്ബദരാക്കി കൊണ്ടാണ് ജോസെ ഇന്നത്തെ ജയം ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. മാർക്കസ് റാഷ്ഫോർഡിന്റെ ആദ്യ പകുതിയിലെ ഇരട്ട ഗോളുകളാണ് യുണൈറ്റഡ് ജയത്തിന് കരുത്തായത്. ലിവർപൂൾ രണ്ടാം പകുതിയിൽ തിരിച്ചുവരാൻ പരിശ്രമിച്ചു എങ്കിലും മികച്ച അവസരങ്ങൾ ഒരുക്കാനോ ഡി ഹിയയെ പരീക്ഷിക്കാനോ വരെ ക്ലോപ്പിന്റെ ടീമിനായില്ല.
മാനെയുടെ ക്രോസിൽ നിന്ന് യുണൈറ്റഡ് ഡിഫൻഡർ എറിക് ബയി നേടിയ സെൽഫ് ഗോളാണ് ലിവർപൂളിന്റേതായി ഇന്ന് സ്കോർബോർഡിൽ വീണത്. ലീഗിൽ അവസാന 8 മത്സരങ്ങളിലും യുണൈറ്റഡിനെ തോൽപ്പിക്കാൻ ലിവർപൂളിനായിട്ടില്ല.
ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റ്ഡ് രണ്ടാം സ്ഥാനത്തിനായുള്ള പോരാറ്റത്തിൽ മുന്നോട്ടെത്തി. മൂന്നാമതുള്ള ലിവർപൂളിനേക്കാൾ അഞ്ചു പോയന്റ് ലീഡായി മാഞ്ചസ്റ്റർ യുണൈറ്റഡിന്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial