ഇന്ന് മൗറീനോ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ

പ്രീമിയർ ലീഗിൽ ഇന്ന് ആവേശകരമായ ഒരു പോരാട്ടമാണ് നടക്കുന്നത്. ഓൾഡ്ട്രാഫോർഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ എത്തുന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ പരിശീലിപ്പിക്കുന്ന സ്പർസ് ആണ്‌. ഗംഭീര ഫോമിലാണ് മൗറീനോയുടെ സ്പർസ് ഉള്ളത് എന്നത് കൊണ്ട് തന്നെ ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് അഗ്നി പരീക്ഷയാകും. അവസാന ആറു മത്സരങ്ങളിൽ അഞ്ചു വിജയവും ഒരു സമനിലയുമാണ് സ്പർസിനുള്ളത്.

മൗറീനോയുടെ പതിവുകൾ മറന്ന് ഗോളടിച്ച് കൂട്ടുന്ന ടീമായാണ് സ്പർസ് ഇപ്പോൾ കളിക്കുന്നത്. സ്ട്രൈക്കർ ഹാരി കെയ്നിന്റെ ഗംഭീര ഫോമും സ്പർസിന് കരുത്താണ്. പ്രീമിയർ ലീഗിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് അസിസ്റ്റുകൾ സംഭാവന ചെയ്ത ഗോൾ അടിയിലും പിറകിൽ അല്ല. അവസാന മത്സരത്തിൽ ഹാട്രിക്കും അടിച്ചാണ് കെയ്ൻ മാഞ്ചസ്റ്ററിലേക്ക് വരുന്നത്. പുതിയ സ്ട്രൈക്കർ വിനീഷ്യസ് സ്പർസിനായി ഇന്ന് ഇറങ്ങുമോ എന്നത് സംശയമാണ്. പരിക്കേറ്റ സോണും ഇന്ന് സ്പർസിനൊപ്പം ഉണ്ടാകില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ പരിക്കുകൾ ഒന്നും ഇല്ല. എന്നാൽ യുണൈറ്റഡ് ഇപ്പോഴും മികച്ച ഫോമിലേക്ക് എത്തയിട്ടില്ല. ഡിഫൻസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ പ്രശ്നം. ഇന്നും യുണൈറ്റഡ് മഗ്വയർ-ലിൻഡെലോഫ് കൂട്ടുകെട്ടിനെ വിശ്വസിച്ചാൽ തിരിച്ചടികൾ ലഭിക്കാനാണ് സാധ്യത. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാൻ ഡെ ബീക് ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. വാൻ ഡെ ബീക് ഇറങ്ങുക ആണെങ്കിൽ പോഗ്ബയോ ബ്രൂണോയൊ ബെഞ്ചിൽ ഇരിക്കേണ്ടി വരും.

ഇന്ന് രാത്രി 9 മണിക്കാണ് മത്സരം നടക്കുക.

Exit mobile version