എന്ന് മൗറീനോ പുറത്താകും, എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് രക്ഷപ്പെടും?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പിൽ ഇത്രയും ദയനീയമായ അവസ്ഥയിലൂടെ പോകുന്ന ഒരു വലിയ ക്ലബ് ഉണ്ടോ എന്ന് സംശയമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതിനും താഴേക്ക് എവിടെയാണ് പോവാൻ കഴിയുക. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചടുത്തോളം അവരുടെ ആരാധകർ ഏറ്റവും കാര്യമായി കാണുന്ന ഫിക്സ്ചർ ആയിരുന്നു. ലിവർപൂളുമായുള്ള മത്സരം. മാഞ്ചസ്റ്റർ ഡെർബിയേക്കാളും എന്തിന് ലീഡ്സിനെതിരായ മത്സരത്തേക്കാൾ വരെ മാഞ്ചസ്റ്റർ ആരാധകർ വിലകൽപ്പിക്കുന്ന മത്സരം. സാക്ഷാൽ ഫെർഗൂസൺ ഇംഗ്ലീഷ് ക്ലാസിക്കോ എന്ന് വിളിച്ച പോര്.

ആ പോരിൽ എന്താണ് സംഭവിച്ചത്. ലിവർപൂളിന് മുന്നിൽ വെറും പൂച്ച കണക്കെ ചെറുതാകുന്ന യുണൈറ്റഡിനെയാണ് കാണാൻ കഴിഞ്ഞത്. ഏകപക്ഷീയം എന്ന് പറഞ്ഞാൽ മതിയാകില്ല. കാരണം റിലഗേഷൻ ഭീഷണിയിൽ ഉള്ള ടീമുകൾ വരെ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചതിനേക്കാൾ ഭേദമായി ലിവർപൂളിനോട് കളിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂൾ വിജയം. ലിവർപൂളിന്റെ ഗോൾ ശ്രമങ്ങൾ 36 എണ്ണമായിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗിൽ അതൊരു റെക്കോർഡാണ്. വേറെ ഒരു ടീമിനും ഇത്ര ദാരുണമായ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല.

ആകെ ഒരു ഗോൾ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കോർ ചെയ്തത് ആണെങ്കിൽ അത് അലിസൺ എന്ന ലിവർപൂൾ ഗോൾകീപ്പർ നടത്തിയ വലിയ അബദ്ധം കൊണ്ടുമായിരുന്നു. ഇന്നലത്തെ ഗോളുകളോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ ലീഗിൽ 18 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ വഴങ്ങി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ലീഗിലെ 38 മത്സരങ്ങൾ കഴിഞ്ഞപ്പോൾ യുണൈറ്റഡ് വഴങ്ങിയത് 28 ഗോളുകൾ ആയിരുന്നു.

സീസൺ പകുതി ആയിട്ടും ഗോൾഡിഫറൻസ് പൂജ്യമാണ് യുണൈറ്റഡിന്. ഇത് അക്ഷരാർത്ഥത്തിൽ യുണൈറ്റഡിന്റെ ഏറ്റവും മോശം തുടക്കമാണ്. ടീം ഇത്രയും ദുർബലമായി മോയ്സിന്റെ കാലത്ത് പോലും ആയില്ല എന്നതാണ് സത്യം. ജോസെ എത്തിയിട്ട് മൂന്ന് സീസണുകൾ ആയിട്ടും 400 മില്യൺ ചിലവഴിച്ചിട്ടും ഇതാണ് ടീമിന്റെ അവസ്ഥ.

മൗറീനോയുടെ 90 മില്യൺ സൈനിംഗ് ആയ പോഗ്ബ ബെഞ്ചിൽ നിന്ന് വാം അപ് ചെയ്യാൻ വരെ ഇപ്പോൾ എഴുന്നേൽക്കേണ്ടി വരാറില്ല. മറ്റൊരു ബിഗ് സൈനിംഗ് ലുകാകു എന്താണ് ഗ്രൗണ്ടിൽ ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. അവസാന മൂന്ന് മാസങ്ങളിൽ ആകെ രണ്ട് ടാപിൻ ഗോളുകൾ ആണ് ലുകാകു സമ്പാദ്യം. ജോസെ സൈനിംഗ് ആയ ഫ്രെഡ് എവിടെയാണെന്ന് അറിയില്ല. സഞ്ചേസിന്റെ കാര്യവും വേറെയല്ല. എറിക് ബയ്(Baily) ആരും കളിക്കാൻ ഇല്ലാ എന്ന ഗതി വന്നാലെ ഇറങ്ങാറുള്ളൂ. മികിതാര്യൻ കഴിഞ്ഞ സീസണിലെ ഈ കപ്പലിൽ നിന്ന് രക്ഷപ്പെട്ടു. എന്നിട്ടും ബോർഡ് പണം തരുന്നില്ല എന്നതാണ് ജോസെയുടെ സങ്കടം.

വർഷങ്ങളായി ദുരിതത്തിൽ ഉണ്ടായിരുന്ന ആഴ്സണലിനെ വെറും ആറു മാസങ്ങൾ കൊണ്ട് അധികം സൈനിംഗുകൾ ഒന്നും ഇല്ലാതെ മികച്ചതായി മാറ്റിയ ഉനായ് എമിറെയും, സീസണിൽ ഒരു സൈനിംഗ് വരെ നടത്താഞ്ഞിട്ടും മികച്ചു നിക്കുന്ന സ്പർസിന്റെ പോചടീനോയും ഒന്നും ഈ ലോകത്ത് ഉള്ളതായി മൗറീനോയ്ക്ക് അറിയില്ലായിരിക്കും.

സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ നാലിൽ എത്തുന്നത് വരെ സംശയമാണ് എന്നാണ് ജോസെ ഇന്നലെ മത്സര ശേഷം പറഞ്ഞത്. പരാജയങ്ങളിലും തന്റെ നാവിൽ പിടിച്ചു നിൽക്കുന്ന കഴിവു വരെ ജോസെയ്ക്ക് നഷ്ടപ്പെട്ടു തുടങ്ങി എന്ന് വേണം കരുതാൻ. ലീഗിലെ ഭൂരിഭാഗം ടീമുകളും അറ്റാക്കിംഗ് ഫുട്ബോൾ കളിക്കുമ്പോൾ ഇനിയും എത്ര കാലം യുണൈറ്റഡ് ഈ നെഗറ്റീവ് ഫുട്ബോളും കെട്ടിപിടിച്ച് ഇരിക്കും എന്ന് അറിയില്ല. വലിയ ക്ലബ് എന്ന് പറഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ജേഴ്സി വിൽക്കുന്ന് ടീമല്ല എതിരാളിൾക്ക് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ മുട്ടിടിക്കുന്ന ടീമാണെന്ന് യുണൈറ്റഡ് ബോർഡ് എന്നെങ്കിലും തിരിച്ചറിയും എന്ന് പ്രതീക്ഷിക്കാം.