
മുൻ റയൽ മാഡ്രിഡ് താരം ജെസെ റോഡ്രിഗസ് അരങ്ങേറ്റത്തിൽ തന്നെ ഗോൾ കണ്ടെത്തിയ മത്സരത്തിലെ സ്റ്റോക്ക് സിറ്റി ആഴ്സണലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. പ്രീമിയർ ലീഗിൽ ആദ്യ എവേ മത്സരത്തിനിറങ്ങിയ ഗണ്ണേഴ്സിന് ഈ തോൽവി കനത്ത ആഘാതമായി.
മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ സന്ദർശകർക്ക് പിഴച്ചപ്പോൾ സ്റ്റോക്ക് ലഭിച്ച അവസരം മുതലാക്കുകയും ചെയ്തു. 47 ആം മിനുട്ടിലാണ് പാരീസ് സെയിന്റ് ജെർമനിൽ നിന്ന് ലോൺ അടിസ്ഥാനത്തില്‍ സ്റ്റോക്കിലെത്തിയ ജെസെ റോഡ്രിഗസ് പ്രീമിയർ ലീഗിലെ ആദ്യ ഗോൾ നേടിയത്. സാഡിയോ ബറഹിനോയുടെ പാസിൽ നിന്നാണ് ഈ മുൻ റയൽ മാഡ്രിഡ് യുവ താരം ഗോൾ നേടിയത്.
ഗോൾ വഴങ്ങിയതോടെ കോലസിനാക്കിനെ പിൻവലിച്ച ആർസെൻ വെങ്ങർ ഒലിവിയെ ജിറൂദിനെ കളത്തിൽ ഇറക്കി ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിൽ കളി തീരാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ലകസറ്റേ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. നേരത്തെ സൂപ്പർ താരം ഷകീരി ആദ്യ പകുതിയിൽ പുറത്തായെങ്കിലും സ്റ്റോക്ക് മികച്ച പ്രതിരോധത്തിന്റെ സഹായത്തിൽ മത്സരം സ്വന്തമാകുകയായിരുന്നു. സ്റ്റോക്ക് ഗോൾ കീപ്പർ ജാക്ക് ബാട്ട്ലാന്റിന്റെ മികച്ച പ്രകടനവും മാർക്ക് ഹ്യൂജ്സിന്റെ ടീമിന് തുണയായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial