മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ മാത്രം ബാക്കി, സാഞ്ചോ ഡോർട്മുണ്ടിൽ തുടരും

ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ച ബൊറൂസിയ ഡോർട്മുണ്ട് താരം സാഞ്ചോ ഈ വർഷം കൂടി ടീമിൽ തുടരുമെന്ന് ഡോർട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റൂയിസ്. സാഞ്ചോ ഡോർട്മുണ്ടിന്റെ പ്രധാന താരമാണെന്നും റൊണാൾഡോയുടെ ഉയരത്തിലേക്ക് താരം എത്തുമോ എന്നത് കാത്തിരുന്ന് കാണാമെന്നും റൂയിസ് പറഞ്ഞു. ട്രാൻസ്ഫർ വിൻഡോ തുറന്നത് മുതൽ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നെങ്കിലും ഡോർട്മുണ്ടുമായി ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ തീരുമാനത്തിൽ എത്താൻ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല.

സാഞ്ചോയുടെ വില കുറക്കാൻ ഡോർട്മുണ്ട് തയ്യാറാവത്തോടെ ട്രാൻസ്ഫറിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പിൻവാങ്ങിയെന്നും വാർത്തകൾ ഉണ്ടായിരുന്നു. താരത്തിന് വേണ്ടി 120 മില്യൺ ബൊറൂസിയ ഡോർട്മുണ്ട് ആവശ്യപ്പെട്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് 93 മില്യൺ മാത്രമേ നൽകു എന്നതിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെ ഒക്ടോബർ 5ന് അടക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപേ സാഞ്ചോയെ ടീമിലെത്തിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമങ്ങൾക്ക് കടുത്ത തിരിച്ചടിയാണ് ഇത്. നിലവിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ അയാക്സിൽ നിന്ന് വാൻ ബീകിനെ മാത്രമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.