അവസാന മിനുട്ടിലെ പെനാൽറ്റിയിൽ ആഴ്സണലിന് ജയം

- Advertisement -

ടർഫ് മൂറിൽ ബേൺലിയുടെ പ്രതിരോധം അവസാന നിമിഷം വരെ മറികടക്കാനാവാതെ വിഷമിച്ച ആഴ്സണലിന് ഒടുവിൽ അവസാന മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ ജയം. 92 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി അലക്‌സി സാഞ്ചസാണ് ഗണ്ണേഴ്‌സിന് ജയം സമ്മാനിച്ചത്. ജയത്തോടെ 25 പോയിന്റുള്ള ആഴ്സണൽ ഇതോടെ നാലാം സ്ഥാനത്തെത്തി. 22 പോയിന്റുള്ള ബേൺലി 7 ആം സ്ഥാനത്താണ്‌.

ആഴ്സണൽ ആക്രമണ നിരയെ വരിഞ്ഞു മുറുകിയ ബേൺലി മികച്ച പ്രകടനമാണ് സ്വന്തം മൈതാനത്തു നടത്തിയത്. അസുഖ ബാധിതനായ മേസൂത് ഓസിൽ ഇല്ലാതെ ഇറങ്ങിയ ആഴ്സണൽ നിരയിൽ പകരക്കാരനായി അലക്‌സ് ഇവോബി ഇടം നേടി. ആദ്യ പകുതിയിൽ ബേൺലി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആഴ്സണൽ ഗോളി പീറ്റർ ചെക്കിന്റെ മികച്ച സേവുകൾ ഗണ്ണേഴ്‌സിന് രക്ഷയായി. രണ്ടാം പകുതിയിൽ പക്ഷെ ആഴ്സണൽ കൂടുതൽ ആക്രമണത്തിന് മുതിർന്നപ്പോൾ ബേൺലിക്ക് കൂടുതൽ സമയവും പ്രതിരോധത്തിന് ചിലവഴികേണ്ടി വന്നു. ലകസറ്റ്, ഇവോബി എന്നിവരെ പിൻവലിച്ച വെങ്ങർ ജാക് വിൽഷെയർ, ഡാനി വെൽബെക്ക് എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും വിജയ ഗോൾ മാത്രം അകന്നു നിന്നു. കളി സമനിലയിൽ അവസാനിച്ചു എന്ന ഘട്ടത്തിലാണ് ഫൈനൽ വിസിലിന് സെക്കന്റുകൾ ബാക്കിയിരിക്കെ ബേൺലി പെനാൽറ്റി വഴങ്ങിയത്. ആരോൻ രാംസിയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത സാഞ്ചസ് ഗോളാക്കിയതോടെ ബേൺലിയുടെ മികച്ച പ്രശിരോധം ഫലമില്ലാതെ പോയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement