ഇബ്രഹിമോവിച് തിരിച്ചെത്തി, മാഞ്ചസ്റ്ററിൽ തുടങ്ങിവെച്ചത് പൂർത്തിയാക്കാ‌ൻ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിലേ ഇബ്രാഹിമോവിച് യുഗം അവസാനിച്ചില്ല. സ്വീഡിഷ് സൂപ്പർ താരം മാഞ്ചസ്റ്റർ യുണൈറ്റഡുമായി പുതിയ കരാറിൽ ഒപ്പിട്ടു‌ ഒരു വർഷം കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഇബ്രാ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. കഴിഞ്ഞ സീസൺ അവസാനം മുട്ടിനേറ്റ പരിക്കാണ് ഇബ്രാഹിമോവിച്ചിന്റെ ഭാവി പ്രതിസന്ധിയിലാക്കിയത്. പരിക്ക് ഭേദമാകാതെ ഭാവി തീരുമാനിക്കാനില്ല എന്നു പറഞ്ഞ താരം ഇനി മാഞ്ചസ്റ്ററിൽ ഉണ്ടാകില്ല എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

മിലാൻ അടക്കമുള്ള ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ പരിക്കിൽ നിന്ന് തിരിച്ചുവരുന്ന സ്ലാട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു സീസണിലേക്ക് കൂടെ കരാർ ഒപ്പിടാൻ തീരുമാനിക്കുകയായിരുന്നു. സ്ലാട്ടാൻ ഇത്തവണ പത്താം നമ്പർ ജേഴ്സിയിലാകും ഇറങ്ങുക. തന്റെ സ്ഥിരം ജേഴ്സിയായ 9ാം നമ്പറിലേക്ക് യുണൈറ്റഡ് ലുകാകുവിനെ ഈ സീസണിൽ എത്തിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 46 മത്സരങ്ങളിൽ ബൂട്ടു കെട്ടിയ സ്ലാട്ടാൻ 26 ഗോളുകൾ ക്ലബിനായി നേടിയിരുന്നു. പരിക്ക് കാരണം യൂറോപ്പ ഫൈനലിലും ഇബ്രഹീമോവിച്ചിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ലുകാകു-ഇബ്രാ കൂട്ടുകെട്ട് കാണാൻ തന്നെയാകും മാഞ്ചസ്റ്റർ ആരാധകർ കാത്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement