മൗറീഞ്ഞോക്ക് കീഴിൽ വീണ്ടും കളിക്കാൻ ആഗ്രഹം – ഹസാർഡ്

പോർച്ചുഗീസ് പരിശീലകൻ ജോസ് മൗറീഞ്ഞോക്ക് കീഴിൽ വീണ്ടും കളിക്കാൻ ആഗ്രഹമുണ്ടെന്ന് ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡ്. മൗറീഞ്ഞോക്ക് കീഴിൽ 2013 മുതൽ 2015 വരെ ഹസാർഡ് കളിച്ചിരുന്നു. അന്ന് ചെൽസിക്കൊപ്പം ഇരുവരും പ്രീമിയർ ലീഗ്, ലീഗ് കപ്പ് കിരീടങ്ങൾ നേടിയിരുന്നു.

മൗറീഞ്ഞോയുടെ ചെൽസി കരിയറിന് അവസാനം കുറിച്ച 2015-2016 സീസണിൽ ഹസാർഡ് തീർത്തും മോശം പ്രകടനമാണ് കാഴ്ച്ച വച്ചത്. അന്ന് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അതിനെ നിരാകരിക്കുന്ന അഭിപ്രായമാണ് ഹസാർഡ് നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

മത്സര ഫലങ്ങൾ മോശമാകുമ്പോൾ മൗറീഞ്ഞോ കളിക്കാരെ വിമർശിക്കുന്നത് പതിവാണെങ്കിലും ഇന്ന് തന്നോട് താൻ വീണ്ടും കളിക്കാൻ ആഗ്രഹിക്കുന്ന പരിശീലകൻ ആരാണെന്ന് ചോദിച്ചാൽ അത് മൗറീഞ്ഞോ ആണെന്നാണ് ഹസാർഡ് പറഞ്ഞത്. അടുത്ത ആഴ്ച്ച മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയാണ് ഹസാർഡ് ആക്രമണം നയിക്കുന്ന ചെൽസിയുടെ അടുത്ത പ്രീമിയർ ലീഗ് മത്സരം.