ഹാരി കെയ്ൻ ഹാട്രിക്ക്, ടോട്ടൻഹാം രണ്ടാം സ്ഥാനത്ത്

നിറഞ്ഞാടിയപ്പോൾ ടോട്ടൻഹാമിന് സ്റ്റോക്ക് സിറ്റിക്കെതിരെ എതിരില്ലാത്ത 4 ഗോളിന്റെ ജയം. ഹാട്രിക് നേടിയ ഹാരി കെയ്‌നും മികച്ച അച്ചടക്കം പാലിച്ച സ്പർസ് പ്രതിരോധവും ഒരേ പോലെ തിളങ്ങിയപ്പോൾ മാർക് ഹ്യൂഗ്സിന്റെ സ്റ്റോക്കിന് മറുപടിയില്ലായിരുന്നു, ആദ്യ പകുതിയിൽ തന്നെ 4 ഗോളുകളും നേടിയ സ്പർസിനെ രണ്ടാം പകുതിയിൽ കൂടുതൽ നാശം വിതക്കുന്നതിൽ നിന്ന് തടയാനായി എന്നത് മാത്രമാണ് സ്റ്റോക്കിന് ലഭിച്ച ഏക ആശ്വാസം.

മധ്യ നിരയിൽ ക്രിസ്റ്റ്യൻ എറിക്സണും ഡാലെ അലിയും കൃത്യമായ പാസ്സുകളും ത്രൂ ബോളുകളുമായി കളം നിറഞ്ഞപ്പോൾ ഹാരി കെയ്ൻ എന്ന ഇംഗ്ലീഷ് സ്‌ട്രൈക്കർക്ക് കാര്യങ്ങൾ എളുപ്പമായി , ഏതു ദുഷ്കരമായ സാഹചര്യത്തിൽ നിന്നും ഗോൾ നേടാനാവുക എന്ന കീന്റെ കഴിവ് പ്രകടമാക്കിയ ഗോളായിരുന്നു 14 ആം മിനുട്ടിൽ കെയ്ൻ നേടിയ ഗോൾ , പിന്നീട് ആക്രമണത്തിന്റെ ചുക്കാൻ ഏറ്റെടുത്ത ക്രിസ്റ്റ്യൻ എറിക്സൻ നൽകിയ പാസുകളിൽ നിന്ന് 32, 37 മിനുട്ടുകളിൽ ഗോൾ നേടി കെയ്ൻ ഹാട്രിക് തികച്ചു , പിന്നീട് ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഹാരി കെയ്ൻ നൽകിയ പന്ത് വലയിലെത്തിച്ചു ഡാലെ അല്ലി സ്പർസിന്റെ ഗോൾ നേട്ടം 4 ആക്കി ഉയർത്തി , രണ്ടാം പകുതിയിൽ സ്പർസ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല , സ്റ്റോക്ക് ആവട്ടെ ഒട്ടും മൂർച്ചയില്ലാത്ത ആക്രമണ നിരയെ വച്ച് കാര്യമായി ഒന്നും ചെയ്യാനായില്ല , 3 ഷോട്ടുകൾ മാത്രമാണ് അവർക്ക് സ്പർസ് ഗോളിന് നേരെ തൊടുക്കാനായത് , അതാവട്ടെ സ്പർസ് പ്രതിരോധത്തെ ഭേദിക്കാൻ  മാത്രം ശക്തിയുള്ളതുമായിരുന്നില്ല.

ജയത്തോടെ 53 പോയിന്റുള്ള ടോട്ടൻഹാം ചെൽസിക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് , സ്റ്റോക്ക് 32 പോയിന്റുമായി പത്താം സ്ഥാനത്തും. ബെൽജിയൻ ടീമായ ജെങ്കിനോട് തോറ്റ് യൂറോപ്പ ലീഗിൽ നിന്ന് പുറത്തായ സ്പർസിന് ആത്മവിശ്വാസം പകരുന്ന ജയമായിരുന്നു ഇന്നലത്തേത്.