ഗോളടി വീരന്‍ ഹാരി കെയ്‌നിന്റെ കരിയറിലേക്കൊരു തിരിഞ്ഞു നോട്ടം

- Advertisement -

ഗോള്‍ സ്‌കോറര്‍ ജഴ്‌സി നമ്പര്‍ ടെന്‍ ഹാരി കെയ്ന്‍…. ഈ വര്‍ഷം ഈ ശബ്ദം സ്‌റ്റേഡിയങ്ങളില്‍ ഉയരുന്നത് 56-ാം തവണയാണ്. ലോക ഫുട്‌ബോളറായ ലയണല്‍ മെസ്സിയെ പിന്തള്ളി ഈ കലണ്ടര്‍ വര്‍ഷത്തില്‍ യൂറോപ്പില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന താരമെന്ന റെകോര്‍ഡ് ഇതാ ഹാരി കെയ്‌നിന്റെ മുന്‍പില്‍ മുട്ടുകുത്തി. ആരും സ്വപ്‌നത്തില്‍ പോലും കണ്ടുകാണില്ല  ഇംഗ്ലണ്ടിന്റെ ഈ 24 കാരന്‍ ആ റെക്കോര്‍ഡിന് അര്‍ഹനാവുമെന്ന്. കഴിഞ്ഞ ആഴ്ചയിലെ കണെക്കെടുത്താല്‍ മെസ്സി 54 ഗോളും കെയ്ന്‍ 50 ഗോളും നേടി. റൊണാള്‍ഡോയും ലെവൻഡോസ്‌ക്കിയും മെസ്സിയുടെ തൊട്ടുപിന്നലെയുണ്ടായിരുന്നു. ഒരാഴ്ചക്ക് ശേഷം കണക്കുകള്‍ പരിശോധിക്കുമ്പാള്‍ ഫുട്‌ബോള്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്ന മാറ്റം മെസ്സി 55 ഗോള്‍ നേടിയപ്പോള്‍  കെയ്ന്‍ നേടിയതത് 56 ഗോള്‍. ഒരാഴ്ച കൊണ്ട് കെയ്ന്‍ അടിച്ചുകൂട്ടിയത് 6 ഗോള്‍. എന്നാല്‍ ആ ഗോളടി കൊണ്ട് കിട്ടിയത് ഒരു റെക്കോര്‍ഡ് മാത്രമല്ല. 22 വര്‍ഷം മുന്‍മ്പ് മുന്‍ ഇംഗ്ലണ്ട് സ്ട്രൈക്കര്‍ അലൻ ഷിയറർ പടുത്തുയര്‍ത്തിയ ഒരു കലണ്ടര്‍ വര്‍ഷം പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഈ ഭാവി ഇംഗ്ലണ്ട് താരം സ്വന്തമാക്കിയത് . ഈ നേട്ടം വിമര്‍ശകര്‍ക്കും തന്നെ മാറ്റി നിര്‍ത്തിയ മുന്‍ ടോട്ടന്‍ഹാം പരിശീലകര്‍ക്കുമുള്ള മറുപടിയും കൂടിയാണ്.

ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ 1993 ല്‍ ജനിച്ച കെയ്‌നും ഫുട്‌ബോള്‍ മൈതാനത്ത് നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതി പടവെട്ടിയാണ് ഇന്ന് കാണുന്ന ഹാരി കെയ്‌നായി മാറിയത്. ആറാം വയസ്സില്‍ പ്രാദേശിക ക്ലബ് റിഡജ്‌വെ റോവെയ്‌സില്‍ പന്ത് തട്ടാന്‍ ആരംഭിച്ച കെയ്ന്‍ എട്ടാം വയസ്സില്‍  ആഴ്‌സണൽ ഫുട്‌ബോള്‍ അക്കാദമിയിലെത്തി. ഹെന്റിയും കോളും വിയേറയും അടങ്ങുന്ന ആര്‍സനല്‍ പടക്ക് കെയ്‌നെന്ന എട്ടുവയസ്സുകാരനെ ആവശ്യമില്ലായിരുന്നു. ആ വര്‍ഷം പ്രീമിയര്‍ ലീഗില്‍ കപ്പുയര്‍ത്തിയ ആര്‍സന്‍ വേങ്ങറും പടയും ആ സീസണു ശേഷം കെയ്‌നിനെ അക്കാദമിയില്‍ നിന്ന് റിലീസ് ചെയ്തു. ടോട്ടന്‍ഹാം അക്കാദമിയുടെ ട്രൈല്‍സില്‍ പങ്കെടുത്തെങ്കിലും സെലക്ഷന്‍ മാത്രം വിട്ടുനിന്നു. തിരിച്ച് വീണ്ടും പഴയ ക്ലബിലെത്തിയ കെയ്ന്‍ 2004 ല്‍ വാര്‍ട്ട്‌ഫോര്‍ഡിലേക്ക് പോയി. ആ വര്‍ഷം ടോട്ടന്‍ഹാമിലേക്ക് വിളിവന്ന കെയ്ന്‍ ടോട്ടന്‍ഹാമില്‍ മിഡ്ഫില്‍ഡറായി പന്ത് തട്ടി. ടോട്ടന്‍ഹാമില്‍ അദ്ദേഹത്തിന്റെ സ്ഥിതി തിരച്ചും പരിതാപകരമായിരുന്നു. 1993 ജൂലൈയില്‍ ജനിച്ചത് കൊണ്ട് തന്നെ ശാരീരികമായി കെയ്ന്‍ ചെറുതായിരുന്നു. എന്നാല്‍ അസാമാന്യ പന്തടക്കവും പെട്ടെന്നുള്ള കളിയും അദ്ദേഹത്തെ അറ്റാക്കിങ് മിഡ്ഫില്‍ഡറാക്കി മാറ്റി. എന്നാല്‍  അദ്ദേഹം ആ ടീമിലെ മികച്ച കളിക്കാരനായിരുന്നില്ല. എന്നാലും ദിവസം തോറും അദ്ദേഹത്തിന്റെ കളിയില്‍ വരുന്ന മാറ്റം നിരീക്ഷിച്ച ടോട്ടന്‍ഹം അദ്ദേഹത്തെ ക്ലബില്‍ നിലനിര്‍ത്തി. 2008-09 സീസണില്‍ അണ്ടര്‍ 16 ലെവലില്‍ കോപ്പ ചിവാസ് ടൂർണമെന്റിലും ബെലിന്‍സോണ ടൂര്‍ണമെന്റിലും ബുട്ടു കെട്ടിയ കെയ്‌ന് കരാര്‍ പുതുക്കി നല്‍ക്കി.

അണ്ടര്‍ 16 ടീമിൽ നിന്ന് അണ്ടര്‍ 18 ടീമിലെത്തിയ കെയ്‌ൻ 2010 ല്‍ ടോട്ടന്‍ഹം സീനിയര്‍ കാരാര്‍ നല്‍കി. ആ വര്‍ഷത്തെ അണ്ടര്‍ 17 ടീമിലും അദ്ദേഹം ഇടം നേടിയെങ്കിലും അസുഖം കാരണം യൂറേപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് നഷ്ടമായി. രണ്ട് കളിയില്‍ ടോട്ടന്‍ഹം ബെഞ്ചില്‍ സ്ഥാനം പിടിച്ച കെയ്‌നെ 2011ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ ലെയ്ട്ടണ്‍ ഒറിയെന്റിലെത്തി. കെയ്ന്‍ ഒറിയെന്റിന് വേണ്ടി 18 മത്സരങ്ങളില്‍ നിന്ന് 5 ഗോള്‍ നേടി. ആ വര്‍ഷം തന്നെ ഓഗസ്റ്റിൽ യൂറോകപ്പിന്റെ രണ്ടാം പാദത്തില്‍ ടോട്ടന്‍ഹാമിന് വേണ്ടി ആദ്യമായി ബൂട്ടു കെട്ടി. 2012ല്‍ മില്‍വാളിലെത്തിയ കെയ്ന്‍ ആ വര്‍ഷത്തെ മില്‍വാളിന്റെ യുവതാരമായി തിരഞ്ഞെടുത്തു.

2012-13 ല്‍ നോര്‍വിച്ച് സിറ്റിയിലേക്കും 2013ന്റെ അവസാനം ലെസ്റ്റര്‍ സിറ്റിയിലും ലോണ്‍ അടിസ്ഥാനത്തില്‍ ബുട്ടു കെട്ടി. എന്നാല്‍ പലപ്പേഴും ബെഞ്ചില്‍ മാത്രം സ്ഥാനം ലഭിച്ച കെയ്‌ന് ഈ ക്ലബുകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായില്ല. 2013-14 സീസണില്‍ കെയ്ന്‍ വൈറ്റ് ഹാര്‍ട്ട് ലൈക്കില്‍ ഹൗള്‍ സിറ്റിക്കെതിരെ ടോട്ടന്‍ഹാമിന് വേണ്ടി ലീഗ് കപ്പില്‍ ആദ്യ ഗോള്‍ നേടി. പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരത്തിനിറങ്ങിയ കെയ്ന്‍ സണ്ടര്‍ലാന്റിനെതിരെയും ഗോള്‍ നേടി. പിന്നെയും നിരവധി മത്സരങ്ങളില്‍ ടോട്ടന്‍ഹാമിന്റെ രക്ഷകനായി കെയ്‌നെത്തി.

2014-15 സീസണില്‍ പോറ്റച്ചീനോ ടോട്ടന്‍ഹാമിന്റെ പരിശീലകനായി എത്തിയതിന് ശേഷമാണ് കെയ്‌നിനെ ഫുട്‌ബോള്‍ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആ വര്‍ഷം തന്നെയായിരുന്നു കെയ്‌ന് പതിവായി ടോട്ടന്‍ഹം ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതും. ആ വര്‍ഷം 31 ഗോള്‍ നേടിയ അദ്ദേഹം പി.എഫ്.എ യങ് പ്ലയര്‍ ഓഫ് ദി ഇയറായും ടോട്ടന്‍ഹാം പ്ലയര്‍ ഓഫ് ദി ഇയറായും തിരഞ്ഞെടുത്തു. ആ ഒറ്റ വര്‍ഷം കൊണ്ട് കെയ്ന്‍ പ്രീമിയര്‍ ലീഗില്‍ തന്റെതായ മുദ്ര പതിപ്പിച്ച് ഇംഗ്ല്ണ്ട് സീനിയര്‍ ടീമില്‍ ഇടം നേടി.

2015-16 സീസണ്‍ കെയ്‌ന് സുവര്‍ണ്ണ കാലഘട്ടമായിരുന്നു. സ്ട്രൈക്കര്‍മാരായിരുന്ന ഇമ്മാനുവല്‍ അഡബായോറിനെയും സോള്‍ഡാഡോയെയും വിറ്റ ടോട്ടന്‍ഹാം അഡബായോറിന്റെ പത്താം നമ്പര്‍ ജയ്‌സി കെയ്‌ന് നല്‍കി. സീസണിന്റെ തുടക്കം മുതല്‍ ഗോളടിക്കാന്‍ ഒട്ടും മടികാണിക്കാത്ത കെയ്ന്‍ ആ സീസണില്‍ മൂന്നു തവണ പ്ലയര്‍ ഓഫ് ദി മന്തായി തിരഞ്ഞെടുത്തു. ആ വര്‍ഷം തന്നെ ക്ലബിന് വേണ്ടി 50 ഗോള്‍ തികച്ച കെയ്‌ന് ഒരു സീസണില്‍ ക്ലബ് ചരിത്രത്തില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന താരമായും മാറി. അവസാന നിമിഷം ചെല്‍സിയോട് തോറ്റ് കൈപിടിയുലുണ്ടായിരുന്ന പ്രീമിയര്‍ ലീഗ് കപ്പ് ന്ഷ്ടപ്പെടുമ്പോള്‍ കരയാതെ കരഞ്ഞു കാണും കെയ്ന്‍. എന്നാല്‍ ആ കരച്ചിലിന് സമ്മാനമായി സിറ്റി താരം അഗ്വേറോയും ലെസ്റ്റര്‍ താരം വാര്‍ഡിയെയും പിന്തള്ളി പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ആ വര്‍ഷം പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായി മത്സരം പൂര്‍ത്തിയാക്കിയ ടോട്ടന്‍ഹാം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി. ആ വര്‍ഷം നടന്ന യൂറോകപ്പില്‍ ഇംഗ്ലണ്ടിന് വേണ്ടി ബൂട്ടു കെട്ടുകയും ചെയ്തു.

2017യിലും സ്ഥിതി മറിച്ചല്ലായിരുന്നു. ക്യാപ്റ്റനായി അദ്യ മത്സരത്തിനിറങ്ങിയ കെയ്ന്‍ ഗോളുകള്‍ അടിച്ചു കൂട്ടി. പരിക്കിന്റെ പിടിയില്‍ പെട്ട് കുറച്ച് മത്സരങ്ങള്‍ നഷ്ടാമായ കെയ്‌ന് തിരിച്ച് വന്ന ദിവസം തന്നെ ഗോള്‍ നേടി തുടര്‍ച്ചയായി മൂന്നു സീസണില്‍ 20 ഗോള്‍ നേടുന്നുവെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ടോട്ടന്‍ഹാമുമായി 2022 വരെ കരാര്‍ പുതുക്കിയ കെയ്ന്‍ ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയും പ്ലയര്‍ ഓഫ് ദി ഇയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കെയ്ന്‍ ഇത്തവണ  പ്ലയര്‍ ഓഫ് ദി ഇയര്‍ ട്രോഫി സ്വന്തമാക്കി. 30 മത്സരങ്ങളില്‍ നിന്ന് 29 ഗോള്‍ നേടി തുടര്‍ച്ചയായി രണ്ടാം തവണയും പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ചെറിയ വ്യത്യാസത്തില്‍  പ്രീമിയര്‍ ലീഗ് കിരീടം നഷ്ടപ്പെട്ടങ്കിലും ഗോള്‍ഡന്‍ ബൂട്ടുമായി കെയ്ന്‍ പോകുന്നത് കണ്ട് സ്റ്റോഡിയം ഒന്നിച്ച് കൈയടിച്ചു.

ഈ സീസണില്‍ സ്ഥിതി മറിച്ചായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടാന്‍ ഏറെ പ്രയാസപ്പെട്ട കെയ്ന്‍ പതുക്കെ പതുക്കെ കളിയിലേക്ക് തിരിച്ചു വന്നു. 8 ഹാട്രിക്കുമായി19 മത്സരങ്ങളില്‍ നിന്ന് 18 ഗോള്‍ നേടി പ്രീമിയര്‍ ലീഗ് ഗോള്‍ വേട്ടകാരില്‍ ഒന്നാമനാണ്. റയല്‍ മാഡ്രിഡിന്റെ ട്രാന്‍സ്ഫര്‍ ഗോസിപ്പില്‍ 200 മില്യൺ വിലയില്‍ ഇന്നും കെയ്ന്‍ നിറഞ്ഞു നില്‍ക്കുന്നു.

എന്നാല്‍ ഈ താരം കീഴടക്കിയത് വിരലില്‍ എണ്ണാവുന്നത് മാത്രമാണ്, ഇനി കീഴടക്കാനുള്ളത് അതിനും ഇരട്ടിയാണ്. വ്യക്തിഗത നേട്ടങ്ങള്‍ കരിയറില്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും ഒരു പ്രീമിയര്‍ ലീഗ് കിരീടമോ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടമോ ഈ താരം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെ മേജര്‍ ടൂര്‍ണമെന്റില്‍ നല്ലോരു പൊസിഷനിലെത്തിക്കാനും സാധിച്ചിട്ടില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ് റൂണിക്ക് ശേഷവും ഇംഗ്ലണ്ടിന്റെ അറ്റാക്കിംങ് പട ശക്തമാണ്. ഒരുപക്ഷേ റൂണി പെട്ടെന്ന് കളിക്കളം വിട്ടതും എനിക്ക് ശേഷം ഗോളടിക്കാന്‍ താരങ്ങളുണ്ടെന്ന് ഉറപ്പിച്ചാവും. എന്തായാലും വരുന്ന 2018 ലെ റഷ്യന്‍ ലോകകപ്പ് തീ പാറും ഉറപ്പാണ് . ഇനിയും ഒരു പാട് ബഹുമതികള്‍ ഈ താരത്തെ തേടി വരട്ടെന്ന് പ്രാര്‍ത്ഥിച്ച് അദ്ദേഹത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement