മാഞ്ചസ്റ്റർ യുണൈറ്റഡിലെ ‘ക്ലാസ് ഓഫ് 92’-വിന് പിറകിലെ പരിശീലകൻ വിടപറഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇന്നു കാണുന്ന യുണൈറ്റഡ് ആക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ച യൂത്ത് ടീം പരിശീലകൻ എറിക് ഹാരിസൺ അന്തരിച്ചു. 81 വയസ്സ് ആയിരുന്ന ഹാരിസൺ ഇന്നലെ രാത്രിയാണ് ലോകത്തോട് വിടപറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ക്ലാസ് ഓഫ് 92 എന്ന് അറിയപ്പെടുന്ന ബെക്കാം, ഗിഗ്സ്, ഗാരി നെവിൽ, ഫിൽ നെവിൽ, നിക്കി ബട്ട്, സ്കോൾസ് എന്നിവരെ വളർത്തി കൊണ്ടുവന്നത് ഹാരിസൺ ആയിരുന്നു.

സർ അലക്സ് ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും മുമ്പ് തന്നെ ക്ലബിനൊപ്പം ഉണ്ടായിരുന്ന ഹാരിസൺ ആണ് ഈ യുവ താരങ്ങളെ പരിശീലിപ്പിച്ചിരുന്നത്. ഹാരിസൺ ആണ് ഈ താരങ്ങളെ ഫെർഗൂസണ് മുന്നിൽ അവതരിപ്പിച്ച് കൊടുത്തതും. ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച യുവനിര എന്ന് വിശേഷിപ്പിക്കുന്ന യുണൈറ്റഡിന്റെ 90കളുടെ തുടക്കത്തിലെ യുവടീമിനെ പരിശീലിപ്പിച്ച ഹാരിസൺ മാഞ്ചസ്റ്ററിൽ ഇതിഹാസമായാണ് കണക്കാക്കപ്പെടുന്നത്.

ഹാരിസൺ ആണ് തങ്ങളെ മികച്ച കളിക്കാർ ആക്കിയത് എന്നും ഹാരിസൺ ഇല്ലായെങ്കിൽ തങ്ങൾ ഇല്ലായെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ റൈറ്റ് ബാക്ക് ഗാരി നെവിൽ പറഞ്ഞു.