Picsart 23 03 30 23 16 11 557

ഹാളണ്ട് പരിശീലനത്തിന് ഇറങ്ങിയില്ല, ലിവർപൂളിന് എതിരെ കളിക്കുന്നത് സംശയം

മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട് പരിക്കിന്റെ പിടിയിലായത് ക്ലബിന് ആശങ്ക നൽകുന്നു. ഇന്റർ നാഷണൽ ബ്രേക്കിന് മുന്നെ പരിക്കേറ്റ താരം ഇന്ന് സിറ്റിക്ക് ഒപ്പം പരിശീലനം നടത്തിയിട്ടില്ല. പരിക്കിനെ തുടർന്ന് നേരത്തെ ദേശീയ ടീമിൽ നിന്നും ഹാളണ്ട് പിന്മാറിയിരുന്നു. യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള നോർവേയുടെ ആദ്യ രണ്ടു മത്സരങ്ങളും ഹാളണ്ടിന് നഷ്ടമാകുകയും ചെയ്തു.

എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ബേൺലിയെ 6-0ന് തോൽപ്പിച്ച മത്സരത്തിനിടയിൽ ആണ് ഹാളണ്ടിന് പരിക്കേറ്റത്‌. അന്ന് സിറ്റിക്ക് വേണ്ടി ഹാട്രിക് നേടിയതിന് ശേഷമാണ് 22കാരൻ കളം വിട്ടത്. ശനിയാഴ്ച ലിവർപൂളിനെതിരെ വലിയ മത്സരം നടക്കാൻ ഇരിക്കെ ഈ പരിക്ക് സിറ്റിക്ക് ആശങ്കകൾ നൽകുന്നുണ്ട്. കിരീട പോരാട്ടത്തിൽ ആഴ്സണലിന് 8 പോയിന്റ് പിറകിലാണ് സിറ്റി ഇപ്പോൾ നിൽക്കുന്നത്.

Exit mobile version